പെരിങ്ങമ്മല: പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാറില്‍ വനഭൂമി കൈയേറി അനധികൃത ടൂറിസ്റ്റ് പദ്ധതി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. നിലവില്‍ മങ്കയംഇക്കോ ടൂറിസം പദ്ധതി പ്രവര്‍ത്തിക്കുന്നതിന്റെ വിളിപ്പാടകലെയാണ് പുതിയ പദ്ധതിക്ക് ശ്രമങ്ങള്‍ നടത്തുന്നത്. ഏറെ ജനവാസമുള്ള ആദിവാസികള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഇടിഞ്ഞാര്‍ മുത്തിപ്പാറ പ്രദേശത്താണ് ടൂറിസ്റ്റ്‌കേന്ദ്രം തുടങ്ങാനുള്ള ശ്രമങ്ങള്‍ പുരോഗിക്കുന്നത്.
മങ്കയം ഇക്കോടൂറിസം പോലും ലക്ഷ്യത്തില്‍ എത്താത്ത സാഹചര്യത്തില്‍ പുതിയ കേന്ദ്രത്തിന്റെ ആവശ്യകതയുണ്ടോ എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. മാത്രമല്ല, ആദിവാസികളുടെ സൈ്വരജീവിതത്തെ തകര്‍ക്കുന്നതാവും പദ്ധതിയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുത്തിപ്പാറ പാലത്തിനുസമീപം ഇപ്പോള്‍ത്തന്നെ സമൂഹവിരുദ്ധശല്യം രൂക്ഷമാണ്. സന്ധ്യാസമയങ്ങളില്‍ സ്ത്രീകള്‍ക്ക് ഇതുവഴി ഒറ്റയ്ക്ക് നടക്കുകതന്നെ പ്രയാസമാണ്. വാഹനങ്ങളില്‍ മദ്യപിക്കാനെത്തുന്ന സംഘങ്ങള്‍ ഇവിടെ കാട്ടിക്കൂട്ടുന്ന അക്രമങ്ങള്‍ ചില്ലറയല്ല.
ഈ സംഘങ്ങള്‍ക്ക് ഒത്താശചെയ്യുന്ന ചിലരാണത്രേ ഇപ്പോള്‍ ഇവിടെ ടൂറിസം പദ്ധതി വേണം എന്ന ആവശ്യവുമായി ഓഫീസുകള്‍ കയറിയിറങ്ങുന്നതെന്ന് നാഗരുകാവ് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. നിരവധി വീടുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ മുന്നിലാണ്പദ്ധതി കൊണ്ടുവരാന്‍ ശ്രമം നടക്കുന്നത്. പാലോട് റേഞ്ചിന് കീഴിലുള്ള വനഭൂമി കൈയേറിയാണ് ഇപ്പോള്‍ ടൂറിസം ആഘോഷിക്കുന്നത്. ഫയര്‍ ലൈന്‍ തെളിക്കല്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെയെത്തുന്നവര്‍ വലിച്ചെറിയുന്ന തീയില്‍നിന്നും കാട്ടുതീ പടരുന്നതിനും ഏറെ സാധ്യതയുണ്ട്. വനഭൂമി കൈയേറി ആദിവാസികളുടെ ജീവിതത്തിന് തടസ്സം വരുത്തുന്ന ഒരു ടൂറിസംപദ്ധതിയും ഇടിഞ്ഞാറില്‍ അനുവദിക്കാനാവില്ലെന്ന് ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹന്‍ ത്രിവേണിയും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.രഘുനാഥന്‍ നായരും ഐ.എന്‍.ടി.യു.സി. നേതാവ് കൊച്ചുകരിക്കകം നൗഷാദും അറിയിച്ചു.