പാലോട്: പെണ്‍പടയുടെ കലാശക്കൊട്ടോടെ 49-ാമത് പാലോട് മേളയ്ക്ക് സമാപനമായി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍, ശൈലജാ രാജീവന്‍, വി. പാപ്പച്ചന്‍, ഡി. രഘുനാഥന്‍ നായര്‍, ജി.എസ്.ഷാബി എന്നിവര്‍ പ്രസംഗിച്ചു.
മികച്ച കര്‍ഷകരായ കള്ളിപ്പാറ റോബിന്‍സണ്‍, മൈലമൂട് പ്രഭാകരന്‍, ഉള്ളൂര്‍ രവീന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അനില്‍കുമാര്‍ കൊച്ചിക്ക് അഡ്വ. എ.സമ്പത്ത് എം.പി. പുരസ്‌കാരം നല്‍കി. സംസ്ഥാന വടംവലി മത്സരത്തില്‍ വെള്ളറട യുവതാര ഒന്നാംസ്ഥാനത്തെത്തി. ഇവര്‍ക്ക് 7777 രൂപയും ഏഴ് പൂവന്‍കോഴിയും സമ്മാനമായി നല്‍കി.
ഈ വര്‍ഷത്തെ 'വനമിത്ര പുരസ്‌കാരം' നേടിയ വഴുതനപ്പള്ളി ജോസഫ് തോമസിനെ കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. പൊന്നാട ചാര്‍ത്തി ആദരിച്ചു. സംസ്ഥാന പ്രസംഗമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഡി. ശ്യാമ, ബി.എസ്‌സി റാങ്ക് ജേതാവ് സൗമ്യ, സ്വാതി സുകു എന്നിവരെ ചടങ്ങില്‍ വി.കെ. മധു ആദരിച്ചു.