വിതുര: മൂന്നുവര്‍ഷംമുമ്പ് വിവാഹിതയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു. ശവസംസ്‌കാരത്തിനുശേഷം യുവതിയുടെ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ വീടാക്രമിച്ച് വീടിന് നാശനഷ്ടം വരുത്തുകയും കുടുംബാംഗങ്ങളെ മര്‍ദിക്കുകയും ചെയ്തു. വിതുര മഹാദേവര്‍ ക്ഷേത്രത്തിന് സമീപം ചാന്ദ്‌നി ഭവനില്‍ വിനീഷ്ചന്ദിന്റെ ഭാര്യ രാഖി (24) യാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ രാഖി തൂങ്ങിനില്‍ക്കുന്നത് കണ്ടെന്നാണ് ഭര്‍തൃമാതാവ് ചാന്ദ്‌നിയുടെ മൊഴി. കെ.എസ്.ആര്‍.ടി.സിയില്‍ മെക്കാനിക്കായ വിനീഷ്ചന്ദ് ഡ്യൂട്ടിക്ക് പോയ സമയത്തായിരുന്നു സംഭവം. ജീവനുണ്ടെന്ന സംശയത്തില്‍ രാഖിയെ ഉടന്‍ 108 ആംബുലന്‍സില്‍ വിതുര ആസ്പത്രിയിലെത്തിച്ചെന്നും മൊഴിയില്‍ പറയുന്നു. മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൃതദേഹം ആസ്പത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
വെള്ളിയാഴ്ച രാവിലെ ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വദേശമായ പൂവച്ചല്‍ ആലമുക്കിലേയ്ക്ക് കൊണ്ടുപോയി. രാഖിയുടെ ഭര്‍ത്താവ് വിനീഷ്ചന്ദിനെ മാത്രമേ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ സമ്മതിച്ചുള്ളു. ഉച്ചതിരിഞ്ഞ് വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടന്നശേഷം വൈകീട്ട് ഏഴുമണിയോടെ യാണ് രാഖിയുടെ ബന്ധുക്കള്‍ വിതുരയിലെത്തിയത്. വിനീഷ്ചന്ദിന്റെ വീടിന്റെ ജനാലയും വാതിലും അടിച്ചുതകര്‍ത്ത സംഘം ജ്യേഷ്ഠന്‍ വിബിന്‍ചന്ദിനെ മര്‍ദിക്കുകയുംചെയ്തു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അമല്‍ചന്ദാ (ഒന്നര) ണ് രാഖിയുടെ മകന്‍. അച്ഛന്‍: കുട്ടപ്പന്‍നായര്‍. അമ്മ: ശകുന്തള. കേസ്സെടുത്ത് അന്വേഷണം തുടങ്ങിയതായി വിതുര പോലീസ് അറിയിച്ചു.