മടത്തറ: തിരുവനന്തപുരം തെങ്കാശി റോഡില്‍ മടത്തറ ജങ്ഷനില്‍ റോഡ് വികസനത്തിന് തടസമായി നില്‍ക്കുന്ന വരിക്കടകള്‍ എടുത്തു മാറ്റണമെന്ന പി.ഡബ്ല്യു.ഡി. നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പുതിയ കടകള്‍ കെട്ടുന്നു. റോഡിലേക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന പതിനഞ്ചിലധികം പെട്ടിക്കടകള്‍ നിത്യവും റോഡപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
മടത്തറ ജങ്ഷന്റെ വികസനത്തിന് കടകള്‍ എടുത്തുമാറ്റണം എന്ന് ചൂണ്ടിക്കാട്ടി നേരത്തേ തന്നെ വിവിധ സംഘടനകള്‍ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരുന്നു.
ടി.എസ്. റോഡില്‍ മടത്തറ-പാലോട് റോഡിന്റെ പണി നിലച്ചുനില്‍ക്കുന്നതിന്റെ അടിസ്ഥാന കാരണവും വരിക്കടകള്‍ എടുത്തുമാറ്റാത്തതാണെന്ന് പി.ഡബ്ല്യു.ഡി. അധികൃതരും പറയുന്നു. മത്സ്യമാംസാവശിഷ്ടങ്ങളും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ബിവറേജ് ഔട്ട്‌ലെറ്റിന്റെ മുന്നില്‍ കെട്ടിയിരിക്കുന്ന പുതിയ ചില തട്ടുകടകള്‍ കേന്ദ്രീകരിച്ച് സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങളും ശക്തമാണെന്ന് വ്യാപക പരാതിയുണ്ട്. കടക്കല്‍, പാലോട് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ പോലീസിന്റെ കാര്യമായ ശ്രദ്ധയും മടത്തറ പ്രദേശത്തില്ല.