പെരിങ്ങമ്മല: ജില്ലാ കൃഷിത്തോട്ടത്തിന്റെ കീഴില്‍ വരുന്ന ബനാന നഴ്‌സറിയില്‍ ഫിബ്രവരി ഒന്നിന് തുടങ്ങുമെന്ന് അറിയിച്ചിരുന്ന കരാര്‍ തൊഴിലാളികളുടെ പണി തുടങ്ങാനായില്ല. ലിസ്റ്റില്‍ വന്ന അപാകം പരിഹരിക്കാനാണ് ജോലി നീട്ടിവെയ്ക്കുന്നതെന്ന് ഓഫീസ് അധികൃതരും അതല്ല അനധികൃതമായി തൊഴിലാളികളെ തിരുകിക്കയറ്റാനാണ് ശ്രമമെന്ന് ജീവനക്കാരും പരസ്പരം ആരോപിക്കുകയാണ്.
ജനവരി മൂന്നിനു പുറത്തിറങ്ങിയ അന്തിമലിസ്റ്റ് പ്രകാരം 63 പുരുഷന്‍മാരും 44 സ്ത്രീകളുമാണ് തൊഴിലാളികളുടെ പട്ടികയിലുള്ളത്.
2008 ഡിസംബര്‍ 18 ന് മുമ്പ് പണിയെടുത്തിരുന്നവരെ മാത്രം ഉള്‍പ്പെടുത്തിയാണ് ഈ പട്ടിക ഉണ്ടാക്കിയത്. ഇവരെ ഫിബ്രവരി ഒന്ന് മുതല്‍ ജോലിയില്‍ പ്രവേശിപ്പിക്കാം എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച ജോലിക്ക് എത്തിയ തൊഴിലാളികള്‍ക്ക് പണി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. ലിസ്റ്റ് പുനഃപരിശോധിച്ചശേഷം മാത്രമേ പണി തുടങ്ങാനാകൂ എന്ന നിലപാടിലാണ് അധികൃതര്‍.
നിലവില്‍ 11 സ്ഥിരം ജോലിക്കാരാണ് ബനാനാ നഴ്‌സറിയില്‍ ഉള്ളത്. പട്ടികയെ സംബന്ധിച്ച് പരാതികള്‍ ഉണ്ടെന്നും അര്‍ഹരായവര്‍ ഉണ്ടെങ്കില്‍ അവരെക്കൂടി ഉള്‍പ്പെടുത്തിയശേഷം അടുത്തുതന്നെ പണി ആരംഭിക്കുമെന്നും ബി.ഡി.ഒ. സായീരാജ് പറഞ്ഞു.