പാലോട്: പച്ചയണിഞ്ഞ ഘോഷയാത്രകളുടേയും തഖ്ബീര്‍ ധ്വനികളുടേയും അകമ്പടിയോടെ ഗ്രാമങ്ങളില്‍ പ്രവാചകന്റെ ജന്മദിനമായ നബിദിനാഘോഷങ്ങള്‍ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി മഞ്ഞപ്പാറ, ദൈവപ്പുര, തെന്നൂര്‍, ഞാറനീലി, ഇടവം, പെരിങ്ങമ്മല, പാപ്പനംകോട്, പാലോട്, ഇലവുപാലം, വഞ്ചുവം ജമാഅത്തുകളുടെ നേതൃത്വത്തില്‍ നബിദിന സ്മരണകള്‍ വിളിച്ചോതുന്ന ഘോഷയാത്ര നടന്നു.
രാവിലെ 7ന് തുടങ്ങിയ ഘോഷയാത്രകള്‍ ഗ്രാമവീഥികള്‍ താണ്ടി 11 മണിയോടെ ജമാഅത്ത് കേന്ദ്രങ്ങളില്‍ സമാപിച്ചു. ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും ഇതര സഹോദര മതസ്ഥര്‍ക്കുമായി മധുര പലഹാര വിതരണവും അന്നദാനവും നടത്തി.
നബിദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആഘോഷങ്ങളോട് അനുബന്ധിച്ച് പള്ളിയങ്കണങ്ങളില്‍ നടത്തിവന്ന പ്രഭാഷണ പരമ്പരകള്‍ക്കും സമാപനമായി.