വിതുര: മൂത്ത മകളെ വിവാഹം കഴിപ്പിച്ച് അയച്ചതിന്റെ കടം വീട്ടാന്‍ കോട്ടയത്ത് തടിപ്പണിക്കുപോയ ഗൃഹനാഥന് അവിടെ ദാരുണ അന്ത്യം. വിതുര ആനപ്പെട്ടി ഗീതുഭവനില്‍ സുദര്‍ശന(48) നാണ് കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ബസ് കയറി ശനിയാഴ്ച വൈകീട്ട് മരിച്ചത്. വീട്ടിലേക്ക് തിരിക്കാന്‍ സ്റ്റാന്‍ഡിലേക്ക് വന്ന സുദര്‍ശനന്‍ തിരുവനന്തപുരം ബസ്സിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ വീണാണ് അപകടമുണ്ടായത്.
മൂത്ത മകള്‍ ഗീതുവിന്റെ വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് സുദര്‍ശനന് കുറച്ച് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. കൂടുതല്‍ ശമ്പളവും മറ്റും കിട്ടുമെന്നതിനാല്‍ കോട്ടയത്ത് കരാര്‍ ജോലിക്ക് പോവുകയായിരുന്നു. സുദര്‍ശനന്റെ രണ്ടാമത്തെ മകള്‍ നീതു വിതുരയിലെ മെഡിക്കല്‍ഷോപ്പില്‍ ജോലിക്ക് പോവുകയാണ്. മകന്‍ സൂരജ് പഠനത്തിനൊപ്പം തൊളിക്കോട്ടെ തടിക്കടയിലും ജോലിചെയ്യുന്നു. വീടുപണിക്കാരനായ സുദര്‍ശനന് മണ്‍കട്ട കൊണ്ട് പണിത സ്വന്തം വീടിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഞായറാഴ്ച രാവിലെ കോട്ടയത്ത് പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകീട്ട് ആനപ്പെട്ടിയില്‍ എത്തിച്ച മൃതദേഹം രാത്രി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ശോഭനയാണ് ഭാര്യ. മരുമകന്‍: ഹര്‍ഷകുമാര്‍.