വിതുര. ആനപ്പാറ തലത്തൂതക്കാവ് നിവാസികളുടെ പാലം എന്ന സ്വപ്നം പൂവണിയുന്നു. പുതിയ പാലത്തിനു നാളെ വൈകിട്ട് അഞ്ചിനു തലത്തൂതക്കാവില്‍ പട്ടികജാതി പട്ടികവര്‍ഗവകുപ്പു മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ശിലയിടും. എ. സമ്പത്ത് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ എന്നിവരടക്കമുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും. ഒരുകോടി 98 ലക്ഷം രൂപ വിനിയോഗിച്ചാണു വാമനപുരം നദിയില്‍ പുതിയപാലം നിര്‍മിക്കുന്നത്.
ഇതില്‍ 35 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും ബാക്കി തുക പട്ടികജാതി പട്ടികവര്‍ഗവകുപ്പും ചെലവഴിക്കും. നാട്ടുകാരുടെ പാലം എന്ന സ്വപ്നത്തിന് 20 വര്‍ഷത്തെ പഴക്കമുണ്ട്. ഇവിടെയുണ്ടായിരുന്ന പാലം 1992ലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു. പാലമില്ലാതായതോടെ നദിയില്‍ നീന്തിക്കടക്കേണ്ട അവസ്ഥയായി. നദിയില്‍ ഇറങ്ങി അക്കരെ എത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്നുപേര്‍ ഒഴുക്കില്‍പെട്ടു മരിച്ചു. സ്കൂളിലേക്കു പുറപ്പെട്ട അനവധി വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടിട്ടുണ്ട്. നാട്ടുകാര്‍ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തിനായി സമര പരമ്പരതന്നെ നടന്നു. നിവേദനങ്ങള്‍ നല്‍കിയതിനു കയ്യും കണക്കുമില്ല. അനവധി തവണ വോട്ടും ബഹിഷ്കരിച്ചു.
ഒടുവില്‍ സഹികെട്ടു നാട്ടുകാര്‍ രംഗത്തിറങ്ങി കമ്പും തടിയും കയറും കമ്പിയും ഉപയോഗിച്ചു നാടന്‍ സാങ്കേതികവിദ്യയിലൂടെ താല്‍ക്കാലിക പാലം നിര്‍മിച്ചു. ഇൌ തടിപ്പാലത്തിലൂടെ ആടിയും ഉലഞ്ഞുമാണു
സഞ്ചരിക്കുന്നത്. അനവധി തവണ ഇൌ താല്‍ക്കാലിക പാലത്തില്‍നിന്നു കുട്ടികളും മറ്റും നദിയില്‍ വീണിട്ടുണ്ട്. പലരും അദ്ഭുതകരമായാണു രക്ഷപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാരിന്‍െറ കാലത്തു പാലം നിര്‍മിക്കാന്‍ തുക അനുവദിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല. വിജയിച്ചാല്‍ തലത്തൂതക്കാവില്‍ പുതിയ പാലം നിര്‍മിക്കുമെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ തിരഞ്ഞെടുപ്പു വേളയില്‍ വാഗ്ദാനം നല്‍കിയിരുന്നു.