വിതുര: ആറ്റിലേക്ക് വീഴാതെ സര്‍ക്കസ് യാത്ര നടത്തിയും സ്വകാര്യപുരയിടക്കാരുമായി വാക്കേറ്റം നടത്തിയും മടുത്തിരിക്കുകയാണ് വിതുര ആനപ്പാറ മുല്ലച്ചിറ ഇടമണ്‍പുറം നിവാസികള്‍. വീട്ടിലെത്താന്‍ സുരക്ഷിതമായ വഴിയില്ലാത്തതാണ് ഇവിടത്തെ നാല്‍പതോളം കുടുംബങ്ങളുടെ പ്രശ്‌നം. ആറ്റരികത്തെ വീതികുറഞ്ഞ വഴിയിലൂടെ സഞ്ചരിക്കേണ്ടിവരുന്ന ഇവര്‍ക്ക് ചിലപ്പോള്‍ സ്വകാര്യ പുരയിടങ്ങളില്‍ കയറിയും നടക്കേണ്ടിവരുന്നു.
1992ലെ വെള്ളപ്പൊക്കത്തില്‍ കല്ലാര്‍ പലേടത്തും ഗതിമാറി ഒഴുകിയിരുന്നു. ഈ സമയത്ത് മുല്ലച്ചിറ പാലത്തിനുതാഴെ ആറ്റിന്റെ തെക്കേക്കര 30 മീറ്ററോളം ദൂരത്തില്‍ ഇടിഞ്ഞതാണ് ഇടമണ്‍പുറം നിവാസികള്‍ക്ക് വിനയായത്. വഴി നഷ്ടപ്പെട്ട ഇവര്‍ അന്നുമുതല്‍ ആറ്റിനും സ്വകാര്യപുരയിടത്തിനും ഇടയില്‍ക്കൂടി ഞെരുങ്ങിസഞ്ചരിക്കുകയാണ്. കര കൂടുതല്‍ ഇടിഞ്ഞ ഭാഗങ്ങളിലാണ് ഇവര്‍ക്ക് സ്വകാര്യപുരയിടത്തില്‍ കയറേണ്ടി വരുന്നതും പുരയിടക്കാരുമായി വഴക്കിടേണ്ടി വരുന്നതും.
ആറ്റു പുറമ്പോക്കുകൂടി ചേര്‍ത്ത് വശഭിത്തി കെട്ടിയാല്‍ ഒരു തടത്തിന്റെ വീതിയിലുള്ള വഴി കിട്ടും. വിതുര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ വാര്‍ഡംഗം ശാന്തി ജി. നായര്‍ ഇതിനായി നൂറോളം പേരുടെ ഒപ്പുവാങ്ങി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലും ജലസേചന വകുപ്പിനും നിവേദനം നല്‍കിയിട്ടുണ്ട്.