പാലോട്: തെന്നൂര്‍ അരയകുന്ന് മുളമൂട്ട് മണ്‍പുറം തടത്തരികത്ത് വീട്ടില്‍ ബീന (27)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അമ്മ വാസന്തി മുഖ്യമന്ത്രി, ആദിവാസി ക്ഷേമ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി. ഈ മാസം 8-നാണ് ഭര്‍തൃഗൃഹത്തില്‍വെച്ച് ബീന ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. മരണം സംഭവിക്കുന്നതിനും രണ്ട് മണിക്കൂര്‍ മുമ്പ് മകള്‍ തന്നെ ഫോണില്‍ വിളിച്ച് ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞിരുന്നതായി വാസന്തി നല്‍കിയ പരാതിയില്‍ പറയുന്നു.
ഭര്‍ത്താവും അമ്മയും ചേര്‍ന്ന് തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി ബീന പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മരണസമയം ബീന രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. സ്ത്രീധനത്തെച്ചൊല്ലിയും കാണി സമുദായത്തിലാണെന്ന കാരണത്താലും ഭര്‍ത്താവ് ബിനു ബന്ധുക്കളുടെ മുന്നില്‍വെച്ച് പലപ്പോഴും ബീനയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു.
തന്റെ മകള്‍ ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും മകള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി പ്രതിയെ ശിക്ഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.