വിതുര: വികസപദ്ധതികള്‍ തുടങ്ങാന്‍ വൈകുമ്പോള്‍ ജനപ്രതിനിധികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ആദിവാസികളുടെ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം വിതുര തലത്തൂതക്കാവ് പാലത്തിന് കല്ലകുടി കവലയില്‍ കല്ലിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ എം.എല്‍.എ. ആയിരുന്നപ്പോള്‍ പല സര്‍ക്കാരുകള്‍ മാറിവന്നിട്ടുണ്ട്. വികസന പദ്ധതി പ്രഖ്യാപിച്ചശേഷം മുടങ്ങുന്നതിന് പല കാരണങ്ങളുണ്ടകാമെന്ന് സ്‌പീക്കര്‍ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ ആദിവാസികള്‍ക്കായി ഒരു 'മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍' സ്ഥാപിക്കാന്‍ വേണ്ട സഹായം ചെയ്യണമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച മന്ത്രി പി.കെ. ജയലക്ഷ്മിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടികവര്‍ഗ വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടിന്റെ ഗുണം തിരുവനന്തപുരം ജില്ലയ്ക്കുകൂടി ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആമുഖപ്രസംഗം നടത്തിയ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ആനാട് ജയന്‍ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയല്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അന്‍വര്‍ ഹുസൈന്‍, സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ എസ്. ഉഷാകുമാരി, ഡിവിഷന്‍ അംഗം അഡ്വ. എല്‍. ബീന, സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ നായര്‍, വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍, വൈസ് പ്രസിഡന്റ് ശാന്തി ജി. നായര്‍, അംഗങ്ങളായ എ. അല്‍ഫോണ്‍സ്, എം. ശോഭന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ ജോര്‍ജ്, അംഗം ഒ. ശകുന്തള, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ എസ്. സുദര്‍ശനന്‍, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനിരുദ്ധന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.