പാലോട്. നന്ദിയോട് പച്ചയിലെ ടാര്‍പ്ളാന്റ് ഉപാധികളോടെ 60 ദിവസത്തേക്കുകൂടി പ്രവര്‍ത്തിക്കാന്‍ ഇന്നലെ പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നാട്ടുകാരും പ്ളാന്റ് അധികൃതരും ധാരണയിലെത്തി.
ഇറക്കിയിരിക്കുന്ന മെറ്റീരിയല്‍സ് 60 ദിവസംകൊണ്ട് (60 മെഷീന്‍ പ്രവര്‍ത്തന ദിവസം) കുഴച്ചു മാറ്റിയതിനുശേഷം പ്ളാന്റ് പൂര്‍ണമായും പൊളിച്ചുമാറ്റും. പ്രവര്‍ത്തന ദിവസങ്ങളിലെ മലിനീകരണം തടയാന്‍ സൌകര്യങ്ങള്‍ ഒരുക്കിയാവും പ്ളാന്റ് തുടര്‍ന്നു പ്രവര്‍ത്തിക്കുന്നത്. നാട്ടുകാര്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്.
വ്യവസ്ഥകള്‍ ഇനി പറയുന്നു. പൊടിയും പുകയും പടരാതിരിക്കാന്‍ വശങ്ങളില്‍ ഗ്രീന്‍ നെറ്റ്, ടാര്‍പ്പോളിന്‍ എന്നിവ ഘടിപ്പിക്കും. പുകയിലെ മലിനീകരണം ഇല്ലാതാക്കാന്‍ മെഷീന്‍ പ്രവര്‍ത്തിക്കുമ്പോള്‍ വാട്ടര്‍ സ്പ്രേ നടത്തും. പുകക്കുഴലിന്റെ ഉയരം വര്‍ധിപ്പിക്കുകയും ആധുനിക സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. രാവിലെ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനു മുന്‍പും വൈകിട്ട് സ്കൂള്‍ വിടുന്ന സമയത്തും പ്ളാന്റിന്റെ വാഹനങ്ങള്‍ നിയന്ത്രിക്കും. പ്ളാന്റ് പൊളിച്ചു മാറ്റുന്നതിനു മുന്‍പ് നന്ദിയോട്-പച്ച ക്ഷേത്രം-പുലിയൂര്‍ റോഡ് സൌജന്യമായി ടാര്‍ ചെയ്തു നല്‍കും. പ്ളാന്റ് അധികൃതര്‍ നാട്ടുകാരുടെ പേരില്‍ നല്‍കിയ കേസ് പിന്‍വലിക്കും.