പാലോട്. പരിസരമലിനീകരണവും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്ന നന്ദിയോട് പച്ചയിലെ ടാര്‍ മിക്സിങ് പ്ളാന്റിനെതിരെ ജനരോഷം ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത നാട്ടുകാര്‍ അടക്കമുള്ള സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. നാട്ടുകാരോടൊപ്പമാണു തങ്ങളെന്നും അവരുടെ ഏതാവശ്യവും നടപ്പിലാക്കുമെന്നും യോഗത്തിന്റെ ആദ്യം പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും പ്ളാന്റ് നിര്‍ത്താന്‍ പഞ്ചായത്ത് കത്ത് നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണു നാട്ടുകാര്‍ രോഷാകുലരായി ഇറങ്ങിപ്പോയത്.
യോഗത്തില്‍ പങ്കെടുക്കാത്ത പാര്‍ട്ടികളെ കൂടി വിളിച്ചു കൂട്ടി തീരുമാനിക്കണമെന്ന ആവശ്യം നാട്ടുകാര്‍ അംഗീകരിച്ചില്ല. അതേസമയം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഇന്നു വീണ്ടും പ്ളാന്റ് അധികൃതര്‍ അടക്കം സര്‍വകക്ഷി യോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ അറിയിച്ചു. സര്‍വകക്ഷി യോഗത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം നൂറിലേറെ നാട്ടുകാര്‍ പങ്കെടുത്തു. ഭൂരിഭാഗവും സ്ത്രീകള്‍ പങ്കെടുത്ത യോഗത്തില്‍ പരാതികളുടെ പ്രളയമായി.
പ്ളാന്റ് വന്നതിനു ശേഷം വയോജനങ്ങള്‍ക്കു ശ്വാസംമുട്ടല്‍ കലശലായി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഛര്‍ദിയും ത്വക്ക് രോഗങ്ങളും കണ്ണ് പുകച്ചിലും പിടിപ്പെട്ടു. കിണറുകള്‍ മലിനമായി, പ്രദേശമാകെ പുകയും പൊടിയും നിറഞ്ഞു.... ഇങ്ങനെ നീണ്ടു പരാതികള്‍. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ
ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ വാഹനങ്ങള്‍ നശിപ്പിച്ചുവെന്നുകാണിച്ചു പ്ളാന്റ് അധികൃതര്‍ പൊലീസില്‍ കേസ് കൊടുത്തു ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി സ്ത്രീകള്‍ പറഞ്ഞു.
നാലുപേര്‍ക്കെതിരെയാണു കേസ് നല്‍കിയത്. ഇതില്‍ മൂന്നുപേരും സര്‍ക്കാര്‍ ജോലിയുള്ളവരാണ്. ഇവര്‍ സമരദിവസം സ്ഥലത്തു പോലും ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. എന്തുവന്നാലും ടാര്‍ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു യോഗത്തിനു ശേഷം നാട്ടുകാര്‍ പറഞ്ഞു. അതേസമയം, സര്‍വകക്ഷി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗവും പത്രക്കാരെ പഴിച്ചു. രാഷ്ട്രീയപ്രേരിതമായാണു വാര്‍ത്തകള്‍ വരുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞപ്പോള്‍, പത്രങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കുകയാണെന്നാണു വാര്‍ഡ് അംഗം പറഞ്ഞത്.
എന്നാല്‍ ഇതിനെ നാട്ടുകാര്‍ എതിര്‍ത്തു. തങ്ങളുടെ ന്യായമായ ആവശ്യത്തിനു വേണ്ടി പിന്തുണയ്ക്കുന്ന പത്രങ്ങളെ അവര്‍ അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അംഗങ്ങളായ ടി.കെ. വേണുഗോപാല്‍, കെ.സി. ബാബു, ജി. പ്രകാശ്, കോണ്‍ഗ്രസ് പ്രതിനിധികളായ പി. രാജീവന്‍, ബി. സുശീലന്‍, ബിജെപി പ്രതിനിധി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. എല്‍ഡിഎഫ് പ്രതിനിധികളും പ്ളാന്റ് അധികൃതരും പങ്കെടുത്തില്ല. തങ്ങളെ അറിയിച്ചില്ലെന്നു സിപിഎം എല്‍സി സെക്രട്ടറി ജി.എസ്. ഷാബി പറഞ്ഞു.