ഉണ്ണി കെ. വാരിയര്‍
തൃശൂര്‍ . കാറിന്റെ അരിക്കാശ് കാറുതന്നെ കണ്ടെത്തുന്ന കാലം വരുന്നു. പെട്രോളടിക്കാനുള്ള പണം കാറുകള്‍തന്നെ സമ്പാദിക്കുമെന്നു കേട്ട് ഞെട്ടരുത്, അതിനുള്ള വഴി തുറന്നു കഴിഞ്ഞു. ഒറ്റ നിറത്തിലുള്ള കാറിനു പകരം പരസ്യങ്ങള്‍ നിറഞ്ഞൊരു കാര്‍ ഒാടിച്ചു പോകാന്‍ നിങ്ങള്‍ക്കു മടിയില്ലെങ്കില്‍ കാറുകള്‍ പണം സമ്പാദിച്ചു തുടങ്ങും എന്നര്‍ഥം.
ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തില്‍ തുടങ്ങിയ രണ്ടു കടകളുടെ പരസ്യത്തിലാണു കാറുകളുടെ ഈ സാധ്യത തെളിഞ്ഞത്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഗ്രേസ് എന്ന കടയും ചെരുപ്പുകളും ബാഗുകളും വില്‍ക്കുന്ന ഹവയുമാണു പരസ്യത്തില്‍ ശ്രദ്ധേയമായ ഈ പരീക്ഷണം നടത്തിയത്. രണ്ടു കടകളുടെയും ഉടമകള്‍ അടുത്ത സുഹൃത്തുക്കളാണ്. പുതിയ കടകള്‍ തുടങ്ങിയപ്പോള്‍ ഇരുവരും നാനോ കാറുകള്‍ വാങ്ങി. ഈ കാറുകളെ സ്വന്തം കടകളുടെ പരസ്യംകൊണ്ടു സുന്ദരിയാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണു ഗ്രേസിന്റേയും ഹവയുടേയും ചിത്രങ്ങളുമായി കാറുകള്‍ നിരത്തിലിറങ്ങിയത്. രണ്ടും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഹിറ്റായതോടെ ഇരു കൂട്ടരും രണ്ടു പുതിയ നാനോ കാറുകള്‍ കൂടി വാങ്ങി പരസ്യമെഴുതി.
ഹോഡിങ്ങുകള്‍ വയ്ക്കുന്നതിലും കൂടുതല്‍ ശ്രദ്ധ നേടാന്‍ പരസ്യകാറുകള്‍ക്കു കഴിയുമെന്നാണു ഗ്രേസ് ഉടമ മജോ ജോണിന്റെയും ഹവ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റഫീഖ് മൂസയുടെയും മാനേജിങ് ഡയറക്ടര്‍ ടി.യു. നൌഫലിന്റെയും അനുഭവം. ഇവരുടെ വരാനിരിക്കുന്ന ഷോറൂമുകള്‍ക്കുവേണ്ടിയും പരസ്യനാനോ ഇറക്കുന്ന കാര്യം പരിഗണിക്കുന്നു. തല്‍ക്കാലം സ്വന്തം കാറില്‍ പരസ്യം ചെയ്യാനെ ഇവര്‍ ആലോചിക്കുന്നുള്ളു.
ചരുരശ്ര അടിക്കു 10 പൈസയാണു പരസ്യം ഒട്ടിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനു നല്‍കേണ്ടത്. ഇതിനു പ്രത്യേക അനുമതിയും വേണം. പ്രതിമാസം 3000 രൂപ വായ്പ അടയ്ക്കേണ്ട കാറിന് ഇതേ തുകയ്ക്കുതന്നെ പരസ്യം നല്‍കിയാല്‍പ്പോലും മുതലാകുമത്രെ. പ്രത്യേകിച്ചും സ്ഥിരമായി പൊതുസ്ഥലത്തു പാര്‍ക്കു ചെയ്യുന്ന കാറുകളിലെ പരസ്യത്തിന്. ഒരു പ്രമുഖ കാര്‍ വിതരണ കമ്പനിതന്നെ പരസ്യം ഒട്ടിച്ച കാര്‍ വില്‍ക്കുന്ന രീതി പരീക്ഷിക്കുന്ന കാര്യം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ രീതി വിജയിച്ചാല്‍ പലരുടേയും കാറില്‍ വര്‍ണശബളമായ പരസ്യങ്ങള്‍ വിരിയും. പ്രത്യേകിച്ചും കൂടുതല്‍ ഒാടുന്ന കാറുകളുടെ മേല്‍. അതോടെ കാറിന്റെ ജീവിത മാര്‍ഗം കാറിനുതന്നെ കണ്ടെത്താന്‍ സാധിക്കും.