വിതുര.തീഷ്ണമായ മേടച്ചൂടിനു ശമനമേകി ഇന്നലെ ഉച്ചയ്ക്കുശേഷം തിമര്‍ത്തുപെയ്ത മഴയ്ക്കൊപ്പമുണ്ടായ കനത്ത കാറ്റും ശക്തമായ ഇടിമിന്നലും വിതുര- തൊളിക്കോട് പഞ്ചായത്തുകളില്‍ കനത്ത നാശം വിതച്ചു. വീശിയടിച്ച കാറ്റിനെ തുടര്‍ന്ന് എസ്റ്റേറ്റുകളിലും വിളകളിലുമായി അനവധി റബര്‍മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണു. വാഴക്കൃഷിയും നശിച്ചു. കര്‍ഷകര്‍ക്കും മറ്റും പതിനായിരക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
മരങ്ങള്‍ ഒടിഞ്ഞുവീണ് മൂന്നു വീടുകള്‍ക്കു കേടുപാടുണ്ടായി. മിന്നലേറ്റ് അനവധി ടിവി സെറ്റുകളും ടെലിഫോണുകളും ഇലക്ട്രിക് ഉപകരണങ്ങളും കേടായി. ഇടിമിന്നല്‍ മണിക്കൂറുകളോളം തുടര്‍ന്നു. മിന്നലിന്റെ അതിപ്രസരത്തില്‍ കേബിള്‍ ശൃംഖലകള്‍ക്കു നാശനഷ്ടമുണ്ടായി. മരച്ചില്ലകള്‍ വീണ് വൈദ്യുതിലൈനുകളും തകര്‍ന്നു. മഴയെ തുടര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.