നന്ദിയോട്: നന്ദിയോട് പഞ്ചായത്തിലെ വിവാദമായ ടാര്‍ പ്ലാന്റ് ഡി.വൈ.എഫ്.ഐ. നന്ദിയോട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഉപരോധ സമരം സി.പി.എം. നന്ദിയോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി.എസ്. ഷാബി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും രഹസ്യമായി ചേര്‍ന്ന് എഴുതി നല്‍കിയ എന്‍.ഒ.സി. നിലനില്‍ക്കുന്നതല്ലെന്നും ടാര്‍ പ്ലാന്റ് കമ്പനിക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഒരു ലൈസന്‍സും ഇല്ലെന്നും ഡി.വൈ.എഫ്.ഐ. ആരോപിച്ചു. അതിനാല്‍ കമ്പനി ഉടന്‍ അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടാണ് പ്ലാന്റിന്റെ പടിക്കല്‍ ഇടത് സംഘടനകള്‍ സമരം തുടങ്ങിയത്.
ഉപരോധത്തില്‍ ബിമല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം കവിത, ഡി.വൈ.എഫ്.ഐ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജീഷ്, സി.പി.എം. നേതാക്കളായ കെ.പി. ചന്ദ്രന്‍, എ. സദാനന്ദന്‍, എസ്. എസ്. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നന്ദിയോട് ടൗണില്‍ നിന്നും ആരംഭിച്ച പ്രകടനത്തോടെയാണ് സമരം ആരംഭിച്ചത്.
നേരത്തെ സമരം നടത്തിയിരുന്ന നാട്ടുകാരും കഴിഞ്ഞ ദിവസത്തെ സമരത്തോടെ രംഗത്ത് വന്നിട്ടുണ്ട്. പോലീസ് കേസ് നല്‍കി തങ്ങളെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ഇനി വിലപ്പോവില്ലെന്നും ഗ്രാമപ്പഞ്ചായത്ത് നല്‍കിയ വ്യാജരേഖകളാണ് കമ്പനി പോലീസില്‍ നല്‍കിയതെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന സജീഷ് പറഞ്ഞു.