പാലോട്: പരിസര മലിനീകരണം രൂക്ഷമായതിനാല്‍ ജില്ലാകളക്ടര്‍ ഇടപെട്ട് പ്രവര്‍ത്തനം നിര്‍ത്തിവെച്ച നന്ദിയോട് പച്ച മുടുമ്പിലെ ടാര്‍ പ്ലാന്റ് തിങ്കളാഴ്ച വീണ്ടും തുറന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. രണ്ടര വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന പ്ലാന്റിനെതിരെ ആറു മാസമായി നാട്ടുകാര്‍ സമരത്തിലായിരുന്നു.
പാലോട്-മടത്തറ റോഡിന്റെ ടാറിങ്ങിനുവേണ്ടിയാണ് കെ.എസ്.ടി.പി. രണ്ടര വര്‍ഷംമുമ്പ് പച്ചയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ പ്ലാന്റ് തുറന്നത്. രൂക്ഷമായ പരിസര മലിനീകരണം അന്നുതന്നെ ഉണ്ടായിരുന്നെങ്കിലും സമീപ റോഡിന്റെ വികസനം ആയിരുന്നതിനാല്‍ നാട്ടുകാര്‍ എതിര്‍പ്പുകള്‍ അവസാനിപ്പിക്കുകയായിരുന്നു. റോഡിന്റെ പണി തീര്‍ന്ന് വര്‍ഷം ഒന്നുകഴിഞ്ഞിട്ടും പ്ലാന്റിന്റെ പ്രവര്‍ത്തനം തുടര്‍ന്നു.
കാട്ടാക്കട, അഞ്ചല്‍, പുനലൂര്‍ റോഡുകളുടെ പണിക്കായിട്ടാണ് ഇപ്പോള്‍ പ്ലാന്റ് ഉപയോഗിക്കുന്നത്. ഇത് പ്രവര്‍ത്തനം തുടങ്ങിയാല്‍ പുകയും കരിയും കൊണ്ട് പരിസരമാകെ മലിനമാകും. സമീപത്തുള്ള തെങ്ങുകള്‍ ഉള്‍പ്പടെയുള്ള കാര്‍ഷികവിളകള്‍ നശിച്ചുതുടങ്ങി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ശ്വാസരോഗങ്ങള്‍ ബാധിച്ചുതുടങ്ങി. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
പ്ലാന്റ് അടിയന്തരമായി പൂട്ടണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണബോര്‍ഡ്, ജില്ലാ കളക്ടര്‍, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളില്‍ നാട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്നാണ് തത്കാലത്തേക്ക് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാകളക്ടറുടെ നിര്‍ദേശംവന്നത്. ഏതാനും ആഴ്ചകളായി അടച്ചിരുന്ന പ്ലാന്റ് തിങ്കളാഴ്ച രാവിലെ തുറന്നപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.