പാലോട്: സംസ്ഥാനത്തെ ആദ്യത്തെ പട്ടികവര്‍ഗ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആറുവര്‍ഷം കഴിഞ്ഞിട്ടും സ്ഥിരം അധ്യാപകരില്ല. ഇത്തവണ പത്താംക്ലാസിലെത്തിയ കുട്ടികള്‍ പ്രിന്‍സിപ്പലും അധ്യാപകരും ഇല്ലാത്തതിനാല്‍ അവധിക്കാലക്ലാസ് കിട്ടാതെ വീട്ടിലിരുന്നു. സംസ്ഥാനത്തെ വിവിധ ആദിവാസി ഊരുകളിലുള്ള 40 കുട്ടികളാണ് ഓരോ വര്‍ഷവും പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ എത്തുന്നത്.
പല ഘട്ടങ്ങളിലായി 280 കോടി രൂപ ചെലവിട്ട് ആധുനികസൗകര്യങ്ങളോടെയാണ് കെട്ടിടം പണിതീര്‍ത്തിരിക്കുന്നത്. നാനൂറിലധികം കുട്ടികളും ഇവിടെയുണ്ട്. ഇല്ലാത്തത് അധ്യാപകര്‍ മാത്രം. ഓരോ വര്‍ഷവും സ്‌കൂള്‍ തുറന്നതിനുശേഷം നെടുമങ്ങാട് എസ്.ടി. പ്രോജക്ട് ഓഫീസറുടെ നേതൃത്വത്തില്‍ അധ്യാപകരുടെ തട്ടിക്കൂട്ട് പട്ടികയുണ്ടാക്കി കുറേ താത്കാലിക അധ്യാപകരെ നിയമിക്കും. പലപ്പോഴും നിശ്ചിത യോഗ്യത ഇല്ലാത്തവരാകും വരിക. വല്ലവിധവും അധ്യയനവര്‍ഷം തികച്ച് ശമ്പളവും വാങ്ങി ഇവര്‍ മടങ്ങും. അടുത്തവര്‍ഷം വേറെ കുറെ അധ്യാപകരെത്തും.
കുട്ടികളെ പഠിപ്പിക്കാന്‍ ആവശ്യമായ പരിശീലനം കിട്ടിക്കഴിയുമ്പോള്‍ അവരുടെ കാലാവധിയും കഴിഞ്ഞിരിക്കും. ഈ അധ്യയനവര്‍ഷം സ്‌കൂള്‍ തുറന്ന് ഇത്രയും ദിവസമായിട്ടും അധ്യാപകരെ നിയമിക്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണ പത്താംക്ലാസുകാര്‍ മറ്റു വിദ്യാലയങ്ങളോടൊപ്പമാണ് പൊതുപരീക്ഷയെഴുതുന്നത്. അതിനാല്‍ ഇവരുടെ വിജയശതമാനം കുട്ടികള്‍ക്കും പട്ടികവര്‍ഗവകുപ്പിനും വിലയിരുത്തലാകും. അപ്പോഴും പഴി കേള്‍ക്കാന്‍ പോലും ഇവിടെ അധ്യാപകരുണ്ടാവില്ല.
പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറേറ്റിലെ ശീതസമരമാണ് വിദ്യാലയത്തില്‍ സ്ഥിരനിയമനം വൈകുന്നതിന് കാരണമെന്നറിയുന്നു. ഞാറനീലി സ്‌കൂളിന്റെ പ്രവര്‍ത്തനം താറുമാറാക്കി വിജയശതമാനം കുറയ്ക്കുന്നതിനായി ഒരു ലോബി ഈ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. സ്ഥിരം അധ്യാപകരെ നിയമിച്ച് കേരളത്തിലെ പാവപ്പെട്ട പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തണമെന്നും ഞാറനീലി സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തുടരുന്ന അവ്യക്തത നീക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി സെക്രട്ടറി ബി. വിദ്യാധരന്‍ കാണി മുഖ്യമന്ത്രി, പട്ടികവര്‍ഗവകുപ്പ് മന്ത്രി, വിദ്യാഭ്യാസവകുപ്പുമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി.
പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ടുമാസം ക്ലാസ് നഷ്ടമായ വിഷയത്തില്‍ അധികൃതര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് വ്യക്തമായ മറുപടി നല്‍കണമെന്നും സ്‌കൂളില്‍ അടിയന്തരമായി പി.ടി.എ കമ്മിറ്റി വിളിച്ചുകൂട്ടണമെന്നും രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടു.