പാലോട്: ഗ്രാമചന്തകള്‍ അന്യമാകുന്ന ആധുനിക കാലത്തിലും നന്ദിയോട് ചന്തയേയും പട്ടണത്തേയും പച്ചപ്പിന്റെ കുടക്കീഴിലാക്കുക എന്നതാണ് കൃഷ്ണന്‍കുട്ടി എന്ന ഉണ്ണിയുടെ സ്വപ്നം. ചന്തയിലെ കച്ചവടക്കാരന്‍ കൂടിയായ ഉണ്ണി കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ ലക്ഷ്യത്തിനായി അക്ഷീണം യത്‌നിക്കുന്നു. ഇദ്ദേഹം നട്ടുവളര്‍ത്തി പരിപാലിക്കുന്ന അന്‍പതിലധികം മരങ്ങളാണ് ഇപ്പോള്‍ ഇവിടെ തണല്‍ വിരിച്ചുനില്‍ക്കുന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ണി മരങ്ങള്‍നട്ട് വെള്ളം കോരിത്തുടങ്ങിയപ്പോള്‍ നെറ്റി ചുളിച്ചവരും ഈ കഠിനവേനലില്‍ അല്പം തണല്‍ സ്വന്തമാക്കാന്‍ ഓടിയെത്തുന്നുണ്ട്. നാട്ടിലെ വികസനമെല്ലാം മരങ്ങളുടെ കടയ്ക്കല്‍ കോടാലി വെച്ച് മുന്നേറുമ്പോള്‍ ചന്തയുംപരിസരങ്ങളും ഹരിതാഭമാക്കുകയെന്ന ഉണ്ണിയുടെ വികസനസ്വപ്നം ലോകപരിസ്ഥിതി ദിനത്തില്‍ നാടിന് മാതൃകയാകുന്നു. കച്ചവടത്തിനിടയ്ക്ക് വീണുകിട്ടുന്ന സമയമെല്ലാം ഉണ്ണി ഓടിയെത്തുന്നത് ഈ മരച്ചോട്ടിലേക്കാണ്. ഉണ്ണി കച്ചവടത്തിനെത്തുമ്പോള്‍ ചന്തയില്‍ മരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല.
ഇപ്പോള്‍ ചന്തയില്‍ മാത്രമല്ല കൃഷിഭവന്‍േറയും പട്ടണത്തിന്‍േറയും പലഭാഗങ്ങളിലും ഉണ്ണിയുടെ താമസസ്ഥലമായ പൗവ്വത്തൂര്‍ കവലയിലും എണ്‍പതിലധികം മരങ്ങള്‍ കാറ്റിലാടി നില്‍ക്കുന്നു.
ഉണ്ണി കച്ചവടക്കാരനായതും ലാഭം കൊതിച്ചിട്ടല്ല. സ്വന്തം കാര്‍ഷിക വിളകള്‍ വില്‍ക്കാനായി വിപണി തേടിയലഞ്ഞൊരു കാലമുണ്ടായിരുന്നു ഉണ്ണിക്ക്. തന്റെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ഉറച്ച തീരുമാനത്തിന് നന്ദിയോട് കൃഷിഭവന്‍ കൂടി കൂട്ടായതോടെയാണ് നാടന്‍ ഉല്പന്നങ്ങള്‍ക്ക് മാത്രമായി കച്ചവടകേന്ദ്രം എന്ന ആശയം സാക്ഷാത്കരിച്ചത്. ഇന്ന് ഏത് കാര്‍ഷിക വിളയുമായി ഉണ്ണിയുടെ കടയിലെത്തുന്ന കര്‍ഷകര്‍ക്ക് നിരാശരായി മടങ്ങേണ്ടിവരില്ല.
ഇതിനെല്ലാം പുറമേയാണ് കരനെല്‍കൃഷിയടക്കമുള്ള സ്വന്തം കൃഷികള്‍. ചന്തയില്‍ നിന്നുള്ള മാലിന്യം തന്റെ വിളകള്‍ക്ക് ജൈവവളം കൂടിയാകുന്നതോടെ ഉണ്ണി ഉറവിടത്തില്‍ തന്നെ മാലിന്യസംസ്‌കരണം എന്ന ആശയവും സാധ്യമാക്കുന്നു.
അങ്ങനെ തികഞ്ഞ പരിസ്ഥിതി സ്‌നേഹിയായി, കര്‍ഷകസ്‌നേഹിയായ കച്ചവടക്കാരനായി നല്ലൊരു ജൈവകര്‍ഷകനായി ഉണ്ണി നന്ദിയോട് ചന്തയില്‍ തന്നെയുണ്ട്.
നന്ദിയോട് ചന്തയില്‍ ഉണ്ണി നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍. ഇന്‍സെറ്റില്‍ ഉണ്ണി