പാലോട്. തെരുവുനായ്ക്കള്‍ ക്രമാതീതമായി പെരുകുകയും അവയെ നിയന്ത്രിക്കാനുള്ള നടപടികളില്ലാത്തതുംമൂലം ഗ്രാമങ്ങളില്‍ പേവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം പെരുകുന്നു. കുട്ടികളടക്കം ഇന്ന് അനവധി പേര്‍ ചികില്‍സയിലാണ്. പാലോട് സര്‍ക്കാര്‍ സിഎച്ച്സിയില്‍ 80 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണ്. പലപ്പോഴും കുത്തിവയ്പിനുള്ള മരുന്ന് തികയാത്ത അവസ്ഥയാണ്. മാത്രമല്ല പാലോട് ആശുപത്രിയും പരിസരവും നായ്ക്കളുടെ പിടിയിലുമാണ്.
ഇവിടെയെത്തുന്ന രോഗികള്‍ക്കിടയിലൂടെ നായ്ക്കള്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതു ബദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞാല്‍ പിന്നെ നായ്ക്കളുടെ വിശ്രമകേന്ദ്രമാകുകയാണ് ആശുപത്രി. വാര്‍ഡുകളില്‍ വരെ കടന്നുചെല്ലുന്ന നായ്ക്കള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. നന്ദിയോട്, പെരിങ്ങമ്മല മാര്‍ക്കറ്റുകളും നായ്ക്കളെക്കൊണ്ടു നിറഞ്ഞതായി പരാതിയുണ്ട്. മറ്റു പൊതു സ്ഥലങ്ങളിലും നായ്ക്കള്‍ ജനത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പഞ്ചായത്തുകള്‍ക്ക് ഇവയെ കൊല്ലാനോ പിടിക്കാനോ നിയമമില്ലത്രെ.
എന്നാല്‍ വന്ധ്യംകരണം നടത്താം. അതു മൃഗാശുപത്രി മുഖേനയാണു നടത്തേണ്ടത്. അതു പോലും ഇപ്പോള്‍ നടക്കുന്നില്ലെന്നു പരാതിയുണ്ട്. നന്ദിയോട് സ്കൂളില്‍ കയറി കുട്ടികളെ കടിച്ച സംഭവംവരെ അടുത്തകാലത്ത് ഉണ്ടായിട്ടും അധികൃതരുടെ കണ്ണു തുറപ്പിക്കാന്‍ പര്യാപ്തമായില്ല. ജനത്തിനു ഭീഷണി ഉയര്‍ത്തുന്ന നായ്ക്കളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു നടപടി സ്വീകരിക്കണമെന്ന ആവശ്യം വ്യാപകമായിട്ടുണ്ട്.