വിതുര. ഇടവ മാസം അവസാനിക്കാറായിട്ടും ശക്തമായി മഴ പെയ്യാത്തതുമൂലം കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. അതികഠിനമായ ചൂടുമൂലം നീരുറവകളും നീര്‍ച്ചാലുകളും മറ്റും മാസങ്ങളായി വറ്റിവരണ്ടു കിടക്കുകയാണ്. ഭൂരിഭാഗം കിണറുകളില്‍നിന്നും ജലം അപ്രത്യക്ഷമായി കഴിഞ്ഞു. നദികളിലും ജലനിരപ്പു ഗണ്യമായി കുറഞ്ഞു. ഇടയ്ക്കു വേനല്‍മഴ പെയ്തെങ്കിലും ജലക്ഷാമത്തിനു പരിഹാരമായില്ല. തുലാമാസത്തിലാണു ശക്തമായ മഴ പെയ്തത്. തുലാവര്‍ഷം കഴിഞ്ഞിട്ട് ആറുമാസം പിന്നിട്ടെങ്കിലും മഴ കനിയാത്തതു കര്‍ഷകര്‍ക്കും മറ്റും കനത്ത ആഘാതമായിരിക്കുകയാണ്.
വേനല്‍ച്ചൂടിന്‍െറ തീഷ്ണത മൂലം കൃഷികളും മറ്റും വ്യാപകമായി ഉണങ്ങി നശിച്ചു. കടുത്ത വേനല്‍ കര്‍ഷകര്‍ക്കു കനത്ത നാശനഷ്ടമാണു വിതച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇക്കുറി ചൂടിന്‍െറ തീവ്രത വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു. വെള്ളം ലഭ്യമല്ലാത്തതുമൂലം മിക്കവര്‍ക്കും കൃഷിയിറക്കാനും സാധിച്ചിട്ടില്ല. എങ്ങും ചൂടിന്‍െറ തീവ്രതയും ജലക്ഷാമവുമാണു ചര്‍ച്ചാവിഷയം. ചൂടു ക്രമാതീതമായി ഉയര്‍ന്നതോടെ വൈദ്യുതി ഉപഭോഗവും ഗണ്യമായി വര്‍ധിച്ചു. ഫാന്‍, എസി വില്‍പനയും കുത്തനെ കൂടി. ഫാനില്ലാതെ ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി.
സൂര്യാഘാതമേറ്റു പൊള്ളലേറ്റ സംഭവവും, പശുക്കള്‍ കുഴഞ്ഞുവീണ സംഭവവും ഉണ്ടായി. കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നു ചില പഞ്ചായത്തുകളില്‍ ടാങ്കര്‍ലോറികളില്‍ ശുദ്ധജല വിതരണം നടത്തിയെങ്കിലും ഒരാഴ്ച പിന്നിട്ടപ്പോള്‍ നിര്‍ത്തി. നദിയില്‍
ജലനിരപ്പു താഴ്ന്നതു കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മിക്ക പ്രദേശത്തും ഡാമുകളില്‍നിന്നും മറ്റും ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം ശേഖരിച്ചാണ് ഉപയോഗിക്കുന്നത്. വിതുര പഞ്ചായത്തിലെ പോറ്റിക്കുന്ന്, ആറ്റിന്‍പുറം, ലക്ഷംവീട്, തൊളിക്കോട് പഞ്ചായത്തിലെ ഉണ്ടപ്പാറ, തേക്കുംമൂട്, പച്ചമല പ്രദേശത്തുകാര്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്.
പ്രദേശത്തെ എല്ലാ ജലസ്രോതസുകളും വറ്റിവരണ്ടിട്ടിട്ടു മാസങ്ങളായി. പൈപ്പുജല വിതരണം കൂടി അടിക്കടി തടസ്സപ്പെട്ടതു ഗ്രാമവാസികള്‍ക്ക് ആഘാതമായി. കിലോമീറ്ററുകളോളം നടന്നു നദിയില്‍നിന്നു ജലം ശേഖരിച്ചുകൊണ്ടുവന്ന് ഉപയോഗിക്കേണ്ട സ്ഥിതിയാണു നിലവില്‍. അനിയന്ത്രിതമായ മണലൂറ്റുമൂലം വാമനപുരം നദി വറ്റിവരണ്ടു. നദിയുടെ മിക്കഭാഗത്തും മണല്‍കുഴികളില്‍ മലിനജലം കെട്ടിക്കിടക്കുകയാണ്. നീരൊഴുക്കു ഗണ്യമായി കുറഞ്ഞതോടെ നദിയുടെ ചില ഭാഗങ്ങള്‍ നിശ്ചലമായി കിടക്കുന്നു. ജലക്ഷാമം അതിരൂക്ഷമായതോടെ നദിയിലെ മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയാണെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു.
കല്ലാറിലേക്കു വനത്തില്‍നിന്ന് ഒഴുകിയെത്തിയിരുന്ന വെള്ളച്ചാട്ടങ്ങളും മെലിഞ്ഞുണങ്ങി. ചില വെള്ളച്ചാട്ടങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്തു. ആദിവാസിമേഖലയിലെ സ്ഥിതിയും വിഭിന്നമല്ല. പേപ്പാറ ഡാമിലും ജലനിരപ്പു കുറഞ്ഞു. വനാന്തരങ്ങളിലും ചൂടു വ്യാപിച്ചതോടെ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി ശല്യം തുടങ്ങി. വനത്തിലും കഠിനമായ ജലക്ഷാമം നേരിടുന്നതായി ആദിവാസികള്‍ പറഞ്ഞു. പേപ്പാറ ഡാമില്‍ വെള്ളം കുടിക്കാന്‍ എത്തുന്ന ആനകളുടെ എണ്ണവും വര്‍ധിച്ചു. ജൂണ്‍ മാസം പകുതിയാകുമ്പോഴെങ്കിലും മഴ തിമര്‍ത്തുപെയ്യുമെന്ന പ്രതീക്ഷയില്‍ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണു കര്‍ഷകരും മറ്റും.