WELCOME
Friday, August 3, 2012
ബൈക്ക് നിയന്ത്രണംവിട്ടു കുഴിയില്‍ വീണ് ഒന്നാം ക്ളാസുകാരി മരിച്ചു
പാലോട്. മരണവീട്ടില്‍ പോയി മടങ്ങിവരികയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു കുഴിയില്‍ വീണ് ഒന്നാം ക്ളാസുകാരി മരിച്ചു. പിതാവിനും അമ്മൂമ്മയ്ക്കും സാരമായ പരുക്കേറ്റു. പെരിങ്ങമ്മല ഗവ. യുപിഎസിലെ വിദ്യാര്‍ഥിനി പാലോട് പാപ്പനംകോട് മണ്ണൂര്‍ ശ്രീമംഗലത്തില്‍ പ്രദീപ്-സിമി ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണു മരിച്ചത്. പരുക്കേറ്റ പിതാവ് പ്രദീപിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
ഒടിവുകള്‍ സംഭവിച്ച പ്രദീപിന്റെ അമ്മ സത്യഭാമയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാപ്പനംകോട് സാന്ത്വനം ബാലജനസഖ്യാംഗമാണ് മരിച്ച ശ്രീനന്ദ. കഴിഞ്ഞ രാത്രി എട്ടുമണിയോടെ നന്ദിയോട് പൌവത്തൂര്‍ തോട്ടുപുറത്താണു സംഭവം. സത്യഭാമയുടെ ചേച്ചി കിടാരക്കുഴി തടത്തരികത്തു വീട്ടില്‍ ചൊവ്വാഴ്ച മരിച്ച കമലാക്ഷിയുടെ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു മൂവരും. ഇറക്കത്തു വച്ചു ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെടുകയും നിയന്ത്രണംവിട്ടു റോഡരികിലുള്ള കുഴിയിലേക്കു ബൈക്കടക്കം വീഴുകയുമായിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്ന സ്ത്രീകള്‍ നിലവിളിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ ഓടിക്കൂടി മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീനന്ദ മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ശ്രീനന്ദയുടെ മൃതദേഹം ഇന്നു രാവിലെ 11നു വസതിയിലെത്തിച്ചു സംസ്കരിക്കും. പെരിങ്ങമ്മല ഗവ. യുപിഎസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.