WELCOME
Friday, August 3, 2012
മഴയില്ലാതെ കൃഷിയിടങ്ങള്‍ വരണ്ടുണങ്ങുന്നു; നിസ്സഹായരായി കര്‍ഷകര്‍
പാലോട്. മഴ ചതിച്ചതോടെ രൂക്ഷമായ ശുദ്ധജല ക്ഷാമത്തിനു പുറമെ കൃഷിയിടങ്ങളും കരിഞ്ഞുണങ്ങുന്നു. ഓണക്കാല വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്‍ഷകര്‍ തങ്ങളുടെ അധ്വാനം കരിഞ്ഞുമങ്ങുന്നതു നോക്കിനിന്നു വിലപിക്കുകയാണ്. പനവൂര്‍ പഞ്ചായത്തില്‍പ്പെട്ട കൊച്ചു ചെല്ലഞ്ചി വിഷ്ണുഭവനില്‍ അപ്പുക്കുട്ടന്‍നായരുടെ ഒരേക്കര്‍ കൃഷിയിടത്തിലെ പലവിളവുകളും കരിഞ്ഞുണങ്ങി നശിച്ചു.
മുഴുവന്‍ സമയ കര്‍ഷകനായ അപ്പുക്കുട്ടന്‍നായര്‍ക്കു പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകളിലായി കിടക്കുന്ന ഒരേക്കര്‍ ഭൂമിയില്‍ ഇല്ലാത്ത വിളകള്‍ ചുരുക്കം. ഓണക്കാല വിപണി ലക്ഷ്യമിട്ടു കൃഷിചെയ്ത പടവലം, പാവല്‍, പയര്‍, വിവിധയിനം മുളക്, കത്തിരി, തക്കാളി, ചേന, വെണ്ട, ഇഞ്ചി എന്നിവ തഴച്ചുവളര്‍ന്നു നല്ലവിളവു തുടങ്ങിയെങ്കിലും മഴ ചതിച്ചതോടെ കരിഞ്ഞുണങ്ങി അപ്പുക്കുട്ടന്‍നായരുടെ പ്രതീക്ഷകളെല്ലാം തകരുകയാണ്. ഇതിനു പുറമെ കരനെല്ല്, വെറ്റില എന്നിവയും കൃഷിചെയ്യുന്നുണ്ട്.
കൃഷിയിടത്തിനു മുന്നിലൂടെ ഒഴുകുന്ന കൈത്തോട്ടില്‍ നിന്നാണു വെള്ളം കോരി തലച്ചുമടായി എത്തിച്ചു കൃഷിക്കു നനവു നല്‍കിയിരുന്നത്. ജലാശയങ്ങളെല്ലാം വരണ്ട് അവശേഷിക്കുന്നതാകട്ടെ മലിനമായി നിലയിലുമാണ്. കൃഷിഭവനുകള്‍ ആദരിച്ച മികച്ച കര്‍ഷകനായ അപ്പുക്കുട്ടന്‍ നായര്‍ എല്ലാ ഓണത്തിനും പ്രാദേശികമായി വീടുകള്‍ക്കു പച്ചക്കറി നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ അതിനു കഴിയില്ലെന്നാണു പറയുന്നത്. കൃഷിഭവനുകള്‍ അടിയന്തരമായി ഇടപ്പെട്ട് ജല സൌകര്യം ഒരുക്കിയാല്‍ കൂടുതല്‍ നഷ്ടത്തില്‍നിന്നു
കരകയറാം.
കൃഷിയിടത്തിന് അകലെ കുളമുണ്ടെങ്കിലും അതില്‍നിന്നു വെള്ളം കൊണ്ടുവരാനുള്ള പമ്പ്സെറ്റ് കൈവശമില്ല. ഇതിനു കൃഷിഭവനോ പഞ്ചായത്തോ കനിഞ്ഞാല്‍ പ്രദേശത്തെ മറ്റുള്ളവര്‍ക്കും പ്രയോജനം ലഭിക്കും. അതേസമയം അപ്പുക്കുട്ടന്‍നായരുടെ കൃഷി നാശം ഒറ്റപ്പെട്ട സംഭവമല്ല പഞ്ചായത്തിലെ പല കര്‍ഷകരുടെയും കൃഷികള്‍ ഇത്തരത്തില്‍ കരിഞ്ഞുണങ്ങുകയാണ്.