പാലോട്: ജവഹര്‍ കോളനിയില്‍നിന്നും ജൂണ്‍ 27ന് റബ്ബര്‍ഷീറ്റും ജീപ്പും മോഷ്ടിച്ച കേസിലെ പ്രതികളെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് വെള്ളൈക്കടവ് കുളത്തിന്‍കര വീട്ടില്‍ ബാബു എന്നുവിളിക്കുന്ന ബാഹുലേയന്‍ (52), പത്തനംതിട്ട കുമ്പഴ, മൈലാടുംപാറ പനക്കല്‍ വീട്ടില്‍ ജി. പ്രസാദ് (39), വട്ടപ്പാറ സാന്ദ്രാഭവനില്‍ എം.ശിവപ്രസാദ് (37) എന്നിവരെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. വട്ടിയൂര്‍ക്കാവ് മണലയം മുളക്കാട് വീട്ടില്‍ ജി. രാജനെക്കൂടി കിട്ടാനുണ്ട്. ജവഹര്‍ കോളനിയില്‍ പ്രസാദിന്റെ റബ്ബര്‍ക്കട കുത്തിത്തുറന്ന് 250 കിലോഷീറ്റും സമീപത്തെ ഉല്ലാസിന്റെ ജീപ്പും മോഷണംപോയ കേസിലാണ് അറസ്റ്റ്. നിരവധി മോഷണക്കേസിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
പോലീസിന്റെ വിശദീകരണം: സംഭവദിവസം സംഘം പകല്‍ ജവഹര്‍ കോളനിയിലെത്തി കട കണ്ടുവെച്ചു. രാത്രി രാജന്റെ ഓട്ടോയിലെത്തി കട കുത്തിപ്പൊളിച്ചു. റബ്ബര്‍ ഓട്ടോയില്‍ കൊള്ളാതെ വന്നപ്പോള്‍ സമീപത്തുകിടന്ന ഉല്ലാസിന്റെ ജീപ്പ് കുത്തിത്തുറന്ന് 250 കിലോ ഷീറ്റുമായി ആലപ്പുഴയ്ക്ക് പോയി. അവിടെ ഷീറ്റുകള്‍ വിറ്റശേഷം ചെങ്ങന്നൂരിലെ രണ്ട് കടകള്‍കൂടി കുത്തിത്തുറന്ന് 400 കിലോ ഷീറ്റുകള്‍ കൂടി മോഷ്ടിച്ചു. ഇതു കടത്തുന്നതിനിടെയാണ് പെരുനാട് പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ ജീപ്പ് കസ്റ്റഡിയിലെടുത്തത്. ജീപ്പിലുണ്ടായിരുന്നവര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇതില്‍ പ്രസാദ് ഗുണ്ടാനിയമപ്രകാരം തടവുശിക്ഷ കഴിഞ്ഞ് ഒരുമാസം മുമ്പ് പുറത്തിറങ്ങിയ ആളാണ്. ബാബു നാലിലധികം വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്. പ്രതികളുടെ പേരില്‍ പത്തനംതിട്ട, പന്തളം, അടൂര്‍, കിളിമാനൂര്‍, നെടുമങ്ങാട്, പാലോട്, ആര്യനാട് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പാലോട് സി.ഐ. പ്രദീപ്കുമാര്‍, എസ്.ഐ. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.