കല്ലറ:കുടിവെള്ളത്തിനായി കല്ലറ-പാങ്ങോട് പഞ്ചായത്തുകളിലെ ജനം നെട്ടോട്ടമോടുന്നു.കോടികള്‍ മുടക്കിയ പദ്ധതി പൂര്‍ത്തിയാക്കാത്തതും ചെറുകിട പദ്ധതികളുടെ ജലസ്രോതസുകള്‍ വറ്റിയതുമാണ് ജനജീവിതം ദുരിതത്തിലാക്കിയത്.ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാന്‍ ആധികൃതര്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഇത്‌ലഭ്യമാകുന്നില്ല. കിലോമീറ്ററുകള്‍ താണ്ടി കുടിവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് പല കോളനികളിലെയും താമസക്കാര്‍. കല്ലറ പഞ്ചായത്തിലെ കുറുമ്പയം ,കഴുകന്‍ പച്ച,പാറമുകള്‍,എ.കെ.ജി.കോളനി,കൊടിതൂക്കിയകുന്ന്,ചെറുവാളം,നെടുന്തേരി,മുതുവിള,പരപ്പില്‍,പൂച്ചെടിക്കാട്,തെങ്ങുംകോട്,താപസഗിരി പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. പാങ്ങോട് പഞ്ചായത്തിലെ നാലുസെന്റ് കോളനികള്‍,അംബേദ്കര്‍ കോളനി, പാങ്കാട്, പഴവിള,വാഴത്തോപ്പ് പച്ച പ്രദേശങ്ങളിലും കുടിവെള്ളമില്ല. കല്ലറ പഞ്ചായത്തില്‍ രണ്ട് ടാങ്കറുകളാണ് കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നത്. ഇവ ചില പ്രദേശങ്ങളില്‍ മാത്രമേ ജലവിതരണം നടത്തുന്നുള്ളൂവെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. വിതരണം നടക്കുന്ന പ്രദേശങ്ങളില്‍ തന്നെ രണ്ടുദിവസം ഇടവിട്ടാണ് ജലമെത്തിക്കുന്നത്. ഇത് ഗാര്‍ഹികാവശ്യങ്ങള്‍ക്കുപോലും തികയുന്നില്ലെന്ന് ജനം പറയുന്നു.
കല്ലറ-പാങ്ങോട് പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്നതിന് 30 വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ വന്‍കിട പദ്ധതി ഇനിയും കമ്മിഷന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സംഭരണികള്‍ നിര്‍മിച്ച് പ്രധാന കുഴലുകളും സ്ഥാപിച്ചുവെങ്കിലും ജലവിതരണത്തിനുള്ള സംവിധാനങ്ങളൊരുക്കി പമ്പിങ് ആരംഭിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ മുപ്പതുവര്‍ഷം പിന്നിട്ടിട്ടും പദ്ധതി പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പടുക്കുബോള്‍ മന്ത്രിമാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളുടെ കൂട്ടത്തില്‍ കാലങ്ങളായി ഈ പദ്ധതിയും ഉള്‍പ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു.
രണ്ട് പഞ്ചായത്തിലും നിരവധി ചെറുകിട പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇവയില്‍ പലതും നാശാവസ്ഥയിലാണ്. അഞ്ച് ലക്ഷത്തില്‍ താഴെ മാത്രം തുക ചെലവിട്ട് നടപ്പാക്കുന്ന പദ്ധതികള്‍ ജനങ്ങള്‍ക്ക് വളരെയൊന്നും പ്രയോജനം ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നൂറോളം കുഴല്‍കിണറുകള്‍ ഇരുപഞ്ചായത്തുകളിലും നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും ഇന്ന് പ്രവര്‍ത്തനക്ഷമമല്ല. പല കുഴല്‍ കിണറുകളിലെയും വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ആറു മാസത്തിലധികം കാലം കുന്നിറങ്ങി തലച്ചുമടായി വെള്ളമെത്തിച്ച് ജീവിതം പോറ്റുന്ന നൂറുക്കണക്കിനാളുകള്‍ ഈ പഞ്ചായത്തുകളില്‍ താമസിക്കുന്നു. അധികൃതര്‍ പലപ്പോഴും ഇവരുടെ സങ്കടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതിയുണ്ട്. ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ അടിയന്തര നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം