വിതുര: ഒരു വര്‍ഷത്തിനകം പൊന്മുടിയുടെ മുഖച്ഛായ മാറ്റുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയിട്ട് ആറ് മാസമായി. ഗസ്റ്റ്ഹൗസ് നവീകരണത്തില്‍ പരോഗതിയില്ലെന്ന് മാത്രമല്ല, പരിസരം അപ്പാടെ കാട് മൂടുകയും ചെയ്യുകയാണ്. പണി പൂര്‍ത്തിയായ അപ്പര്‍ സാനിട്ടോറിയത്തിലെ മന്ദിരമാകട്ടെ ഉദ്ഘാടനം ചെയ്യുന്നുമില്ല.
ഈ വര്‍ഷം മാര്‍ച്ച് 16ന് ഭരണാനുമതി ലഭിച്ച ഗസ്റ്റ് ഹൗസ് നവീകരണമാണ് എങ്ങുമെത്താതെ നീളുന്നത്. 3.77 കോടിയുടെ പദ്ധതിക്കാണ് വിനോദസഞ്ചാര വകുപ്പിന് ഭരണാനുമാതി ലഭിച്ചത്. എട്ട് മുറികളുണ്ടായിരുന്ന പഴയ കെട്ടിടം പൊട്ടിച്ചുമാറ്റി 24 മുറികളുള്ള കെട്ടിടം പണിയുന്നതിന്റെ നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. എന്നാല്‍ പഴയ കെട്ടിടം പൊളിക്കല്‍പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
ഗസ്റ്റ് ഹൗസിനുമുന്നിലെ പാര്‍ക്കും ശില്പവുമെല്ലാം കാട് മൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം വിനോദസഞ്ചാര, വനം വകുപ്പുകളുടെ സംയുക്തപദ്ധതിയായ അപ്പര്‍ സാനിട്ടോറിയത്തിലെ കെട്ടിടം സമയബന്ധിതമായി പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. 90 ലക്ഷം രുപ വകയിരുത്തിയ ഈ മന്ദിരത്തില്‍ ടൂറിസ്റ്റ് ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, ടോയ്‌ലറ്റ്, കോഫിഷോപ്പ് എന്നിവയുണ്ട്. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനായിരുന്നു നിര്‍മാണചുമതല. പക്ഷേ ഇതിന്റെ ഉദ്ഘാടനവും മറ്റും തീരുമാനമാവാതെ നീളുകയാണ്.