പാലോട്: ഇരവികുളം നാഷണല്‍ പാര്‍ക്കുകഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം വരയാടുകള്‍ അഥവാ നീലഗിരി ടാറുകള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിലെ വരയാട്ടുമുടിയിലാണെന്ന് പഠനറിപ്പോര്‍ട്ട്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വരയാട്ടുമൊട്ട എന്നുവിളിക്കുന്ന വരയാട്ടുമുടിയില്‍ അഞ്ഞൂറിലധികം വരയാടുകളെ കണ്ടെത്തി. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ ബയോഡൈവഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി (ബി.എം.സി.) കഴിഞ്ഞ ഒരുമാസമായി നടത്തിയ പഠനത്തിലാണ് വരയാടുകളെ സംബന്ധിക്കുന്ന ഈ വിവരമുള്ളത്.
ഇരവികുളം, മൂന്നാര്‍ വനനിരകളിലേതുപോലെ അനുയോജ്യമായ ആവാസവ്യവസ്ഥതന്നെയാണ് വരയാട്ടുമുടിയിലും വരയാടുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കാന്‍ കാരണം. കിഴ്ക്കാംതൂക്കായ പാറക്കെട്ടുകള്‍, സുരക്ഷിത വാസയോഗ്യമായ പാറയിടുക്കുകള്‍, പുല്‍മേടുകള്‍, ചോലവനങ്ങള്‍, നീര്‍ച്ചോലകള്‍ എന്നിവയെല്ലാം കൊണ്ട് അനുഗ്രഹീതമാണ് വരയാട്ടുമുടി. അതിനാല്‍ സമീപകാലത്തായി യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ടൂറിസ്റ്റുകളും പ്രദേശവാസികളായ വേട്ടക്കാരും ഇവിടേക്ക് കടന്നുകയറുന്നു.
ഡോ. കമറുദ്ദീന്‍, പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോട്, മുഹമ്മദ് ജുനൈദ് എന്നിവരാണ് ജൈവവൈവിധ്യപരിപാലന സമിതിക്കുവേണ്ടി വരയാടുകളെപ്പറ്റി പഠനം നടത്തിയത്. പഠനറിപ്പോര്‍ട്ട് വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.