പാലോട്. നന്ദിയോട് കേന്ദ്രമായി സബ് ട്രഷറി ആരംഭിക്കണമെന്ന ട്രഷറി ഡയറക്ടറുടെ ശുപാര്‍ശ ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തള്ളി. ശുപാര്‍ശ ഇപ്പോള്‍ പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്നും ട്രഷറി ആധുനികീകരണം പൂര്‍ത്തിയാക്കി അവയുടെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം മാത്രമേ പുതിയ ട്രഷറി തുടങ്ങുന്നതിനുള്ള നിര്‍ദേശം പരിഗണിക്കാന്‍ കഴിയൂ എന്നുമാണു ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറി ബി. നീനയുടെ കത്തില്‍ പറയുന്നത്.
പൊതുപ്രവര്‍ത്തകന്‍ ചെമ്പന്‍കോട് വി. മണികണ്ഠന്‍ നന്ദിയോട് കേന്ദ്രമായി ട്രഷറി വേണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണു കാട്ടാക്കട റൂറല്‍ ജില്ലാ ട്രഷറി ഓഫിസറെ പഠനറിപ്പോര്‍ട്ട് നല്‍കാന്‍ ട്രഷറി ഡയറക്ടര്‍ ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ നന്ദിയോട് കേന്ദ്രമാക്കി സബ് ട്രഷറി ആരംഭിക്കാവുന്നതാണെന്നും നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, കല്ലറ, പനവൂര്‍, ആനാട് എന്നീ പഞ്ചായത്തുകളെ നിര്‍ദിഷ്ട ട്രഷറിയിലേക്കു മാറ്റാവുന്നതാണെന്നും പറഞ്ഞിരുന്നു.
ട്രഷറി ആരംഭിക്കുന്നതിലൂടെ നെടുമങ്ങാട്, വിതുര സബ് ട്രഷറികളിലെ 25% ജോലിഭാരം കുറയ്ക്കാനാവുമെന്നും ഈ ട്രഷറി ഒരു നോണ്‍ ബാങ്കിങ് ട്രഷറിയായി അനുവദിക്കാവുന്നതാണെന്നും നിര്‍ദിഷ്ട ട്രഷറി പരിധിയില്‍ നൂറ് സര്‍ക്കാര്‍ സ്ഥാപനങ്ങളും 3000
പെന്‍ഷന്‍കാരും അഞ്ഞൂറിലേറെ ഗസറ്റഡ് ബില്ലുകളും 200 എസ്റ്റാബ്ളിഷ്മെന്റ് ബില്ലുകളും ആയിരത്തിയഞ്ഞൂറിലേറെ വ്യാപാരി വ്യവസായികളും ഉള്ളതായി കണക്കാക്കുന്നതായും ട്രഷറി പ്രവര്‍ത്തനത്തിനായി അടിസ്ഥാന സൌകര്യങ്ങളോടുകൂടിയ കെട്ടിടം വാടകരഹിത വ്യവസ്ഥയില്‍ നല്‍കാന്‍ തയാറാണെന്നു നന്ദിയോട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ശുപാര്‍ശ മടക്കിയതോടെ മലയോര മേഖലയിലെ അനവധി പേരുടെ ട്രഷറി മോഹത്തിനാണു മങ്ങലേറ്റത്.