വിതുര.കല്ലാര്‍ മേഖലയില്‍ കുരങ്ങുശല്യംവര്‍ധിച്ചതായി പരാതി. കല്ലാര്‍ വനാന്തരത്തില്‍ നിന്നു കൂട്ടമായെത്തിയ കുരങ്ങുകള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ വിവരണാതീതമാണ്. കല്ലാര്‍ ജംക്ഷന്‍, അംബേദ്കര്‍ കോളനി, മംഗലകരിക്കകം, ഇരുപത്തിയാറ് എന്നിവിടങ്ങളിലാണു ശല്യം വര്‍ധിച്ചത്. ഒരുമാസമായി കുരങ്ങുകള്‍ ഇവിടെ നാശവും ഭീതിയും പരത്തി വിഹരിക്കുന്നു. ഒാടിളക്കി വീട്ടില്‍ കയറി ഭക്ഷ്യവസ്തുക്കള്‍ കവരുന്നതും നാശനഷ്ടങ്ങള്‍ വരുത്തുന്നതും പതിവായി.
വന്‍ തുകയുടെ നാശനഷ്ടമാണു കുരങ്ങുകള്‍ വരുത്തിയത്. ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെയാണു കുരങ്ങുകള്‍ നാട്ടിലിറങ്ങിയത്. ഇവയുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. കുരങ്ങുശല്യം തടയാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനപാലകര്‍ക്കു പരാതി നല്‍കിയെങ്കിലും ഫലമില്ല. കാട്ടാനയും കാട്ടുപന്നിയുംമറ്റും പതിവായി നാശം വിതയ്ക്കുന്ന കല്ലാര്‍ മേഖലയില്‍ കുരങ്ങുകള്‍ കൂടി എത്തിയതോടെ ജനം നട്ടംതിരിയുകയാണ്.