പാങ്ങോട്: കാഞ്ചിനടപ്രദേശത്ത് പുലിയെക്കണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞത് പരിഭ്രാന്തിക്കിടയാക്കി. എന്നാല്‍ പ്രദേശത്ത് പുലിയെ കാണാനുള്ള സാധ്യതകളൊന്നുമില്ലെന്നും കാട്ടുപൂച്ചയാകാനാണിടയെന്നും പോലീസ്. ഇവിടെ ജോലിക്കുപോയിവന്നയാള്‍ പാറപ്പുറത്ത് വിശ്രമിക്കുന്ന പുലിയെ കണ്ടുവെന്നാണ് ഞായറാഴ്ച വൈകീട്ട് വാര്‍ത്തപരന്നത്. തുടര്‍ന്ന് പലരും പുലിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഏതാനും മാസം മുമ്പ് അരുവിപ്പുറം മുതുവിള പ്രദേശങ്ങളില്‍ പുലിയെകണ്ടതായി വാര്‍ത്തയുണ്ടായതിനെത്തുടര്‍ന്ന് വനപാലകരുള്‍പ്പെടെയുള്ള സംഘം വന്‍തിരച്ചില്‍ നടത്തിയിരുന്നു. ഭീതിയിലാഴ്ത്തുന്ന തരത്തില്‍ സംഭവങ്ങളെ അവതരിപ്പിക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.