പാലോട്: പഴങ്ങള്‍ ഭക്ഷ്യയോഗ്യമായ പുതിയൊരു ഞാവല്‍ വൃക്ഷത്തെക്കൂടി കണ്ടെത്തി. പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനി (ജെ.എന്‍.ബി.ടി.ബി.ജി.ആര്‍.ഐ.) ലെ ഡോ. എന്‍. മോഹന്റെ കീഴിലുള്ള ഗാര്‍ഡന്‍ മാനേജ്‌മെന്റ് ഡിവിഷനാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.
പുതിയ വൃക്ഷത്തിന് 'സൈസിജിയം പാലോടെന്‍സ്'എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ലോകത്താകമാനം 1200ലധികം ഞാവല്‍വര്‍ഗത്തില്‍പ്പെട്ട ചെടികളുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതില്‍ 26 എണ്ണം സഹ്യപര്‍വതമലനിരകളിലാണ്. ആകെ 54 സ്പീഷീസുകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 40 എണ്ണം കേരളത്തില്‍ മാത്രം കാണുന്നവയാണ്.
വെളുത്ത പൂക്കളും ചെറിയ ചുവന്ന കായ്കളുമാണ് പുതുതായി കണ്ടെത്തിയ ഞാവലിന്റെ സവിശേഷത. ഇവ ഭക്ഷ്യയോഗ്യമാണ്. ജെ.എന്‍.ബി.ടി.ബി.ജി.ആര്‍.ഐ.യിലെ ഗവേഷകരായ എസ്.എം. ഷെരീഫ്, ഡോ. സന്തോഷ്‌കുമാര്‍, ഡോ. ടി. ഷാജു എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഞാവല്‍ വൃക്ഷമായ സൈസിജിയം പാലോടെന്‍സ് കണ്ടെത്തിയത്.