പാങ്ങോട്: പാങ്ങോട്, ഭരതന്നൂര്‍ പ്രദേശങ്ങളിലെ കുന്നുകള്‍ അപ്രത്യക്ഷമാകുന്നു. ഇടിച്ചുനിരത്താന്‍ കുന്നുകള്‍ ഇല്ലാതായപ്പോള്‍ വയല്‍തോണ്ടി മണല്‍വാരല്‍ തുടങ്ങി. പോലീസിന്റെയും റവന്യൂ അധികാരികളുടെയും അറിവോടെയും സമ്മതത്തോടെയുമാണ് ഈ പരിസ്ഥിതി വിനാശം ഇവിടെ നടക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അയിരുമുക്ക് ഏലായില്‍ നിന്ന് ദിവസവും പത്തോളം ടിപ്പറുകളിലാണ് രാത്രിസമയത്ത് മണല്‍ കടത്തുന്നത്. മണല്‍വാരി മാറ്റുന്ന കുഴികളില്‍ അപ്പോള്‍ തന്നെ കുന്നിടിക്കുന്ന മണ്ണുകൊണ്ടുവന്ന് മൂടുകയാണ് ചെയ്യുന്നത്. കുന്നിടിച്ച് നിരത്താം, മണല്‍ വാരാം, വയല്‍ഭൂമി കരഭൂമിയാക്കാം ഇങ്ങനെ ഒരുവെടിക്ക് മൂന്ന് പക്ഷിയെന്ന പഴയ സമവാക്യമാണ് വളരെ സമര്‍ഥമായി ഇവിടെ നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മണ്ണിടാന്‍ വന്ന ടിപ്പറുകളുടെ നമ്പര്‍ കുറിച്ചെടുത്ത് ഡി.ഐ.ജി. ഓഫീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കേണ്ട പാങ്ങോട് പോലീസ് പ്രദേശം സന്ദര്‍ശിച്ചതുപോലുമില്ല എന്ന ആക്ഷേപവുമുണ്ട്.
മാര്‍ച്ച് എട്ടിന് വയല്‍നികത്തലിനെക്കുറിച്ച് 'മാതൃഭൂമി'യില്‍ വാര്‍ത്ത വന്നതിന്‍പ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.യുടെ നിര്‍ദ്ദേശാനുസരണം ഒരുസംഘം കൊച്ചാലുംമൂട് മണലൂറ്റ് പ്രദേശം സന്ദര്‍ശിക്കുകയും ഒരു ജെ.സി.ബി. കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ പാങ്ങോട് പോലീസ് സ്റ്റേഷനില്‍ നിന്നും വില്ലേജ് അധികാരികളില്‍ നിന്നും കിട്ടുന്ന പൂര്‍ണ പിന്തുണ രണ്ട് ദിവസങ്ങള്‍ക്കുശേഷം മുന്‍ അവസ്ഥ തുടരാന്‍ ഭൂമാഫിയ സംഘത്തിന് അവസരമൊരുക്കുകയായിരുന്നു. പാങ്ങോട്-ഭരതന്നൂര്‍ പ്രദേശത്തെ നെല്‍ത്തട സംരക്ഷണത്തിന് അധികൃതരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നീര്‍ത്തട, തണ്ണീര്‍ത്തട പദ്ധതി നിലവിലുണ്ട്. ഈ പദ്ധതിയുടെ ഉദ്ദേശ്യശുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് പരാതിയുണ്ട്.
അയിരുമുക്ക് പൗര്‍ണമിയില്‍ (പാലവിള) ഉണ്ണികൃഷ്ണന്റെ വീടിന്റെ രണ്ടുഭാഗത്തെയും മണ്ണിടിച്ച് മാറ്റിയിരിക്കുകയാണ്. വീട്ടിലുള്ള കുട്ടികളോ പ്രായംചെന്നവരോ അല്പം ശ്രദ്ധിക്കാതെ നടന്നാല്‍ അഗാധമായ ഗര്‍ത്തത്തിലേക്ക് വീണ് അപകടം സംഭവിക്കും. ഇവിടെ 40 സെന്റ് പുരയിടമാണ് കുന്നിടിച്ച് നിരപ്പാക്കി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. ആദ്യം ഇതിനെ ചോദ്യം ചെയ്തവരോട് കുന്നിടിച്ച് നിരത്താനുള്ള പാസ് എടുത്തിട്ടുണ്ടെന്നാണ് പറഞ്ഞു വിശ്വസിപ്പിച്ചത്. ഈ രീതി തുടരുകയാണെങ്കില്‍ പാങ്ങോട് പ്രദേശത്തെ ഏലകളും കുന്നുകളും മണ്‍മറയാക്കാന്‍ അധികകാലം വേണ്ടിവരില്ലെന്ന് സ്ഥലവാസികള്‍ ഭയക്കുന്നു.