പാലോട്: ജില്ലയില്‍ ഏറ്റവുമധികം വനവിഭവങ്ങള്‍ ശേഖരിച്ച വേങ്കൊല്ല, പോട്ടോമാവ് പട്ടികവര്‍ഗ സഹകരണസംഘത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ വനവിഭവങ്ങള്‍ ചിതലരിച്ച് നശിക്കുന്നു. ആദിവാസികളില്‍ നിന്നും പണം പിന്നീടു നല്‍കാം എന്ന വ്യവസ്ഥയില്‍ ശേഖരിച്ച 4500 കിലോ കുറുന്തോട്ടി, 3000 കിലോ കസ്തൂരിമഞ്ഞള്‍, 2500 കിലോ വെള്ളീഞ്ച എന്നിവയാണ് സംഘത്തിന്റെ ഗോഡൗണില്‍ ചിതലരിച്ച് നശിക്കുന്നത്. പൊതുവിപണിയില്‍ ഇന്ന് പത്തുലക്ഷത്തിലധികം രൂപ വിലവരുന്ന ഈ അമൂല്യ വനവിഭവങ്ങള്‍ പട്ടികവര്‍ഗ ഫെഡറേഷന്റെ പിടിപ്പുകേടുകൊണ്ടാണ് വിറ്റുപോകാതെ കിടക്കുന്നത്.
പേരൂര്‍ക്കട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പട്ടികജാതി / പട്ടികവര്‍ഗ ഫെഡറേഷനുകീഴിലാണ് പോട്ടോമാവ് പട്ടികവര്‍ഗ സഹകരണസംഘം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ആദിവാസികള്‍ക്ക് കൂലി ലഭിക്കുന്നില്ല.
മൂന്നരലക്ഷം രൂപയുടെ വനവിഭവങ്ങള്‍ ഇപ്പോള്‍ തന്നെ നശിച്ചുകഴിഞ്ഞു. ഫെഡറേഷനിലെ പടലപിണക്കങ്ങള്‍ ആണ് വനവിഭവങ്ങള്‍ വില്പന നടത്താന്‍ സാധിക്കാത്തതിനു കാരണം.
പോട്ടോമാവ് ആദിവാസി സഹകരണസംഘത്തിന്റെ കീഴില്‍ 800 ലധികം ആദിവാസി കുടുംബങ്ങളാണ് ഉള്‍പ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2009ല്‍ സ്വര്‍ണമെഡല്‍ നേടിയ സഹകരണസംഘത്തിലാണ് ഈ ഗതികേട്.