പാലോട്: വിലാപങ്ങള്‍ക്കും നിലവിളികള്‍ക്കും നടുവില്‍ ഹേമന്ദിന് നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞദിവസം രാജാക്കാട്ട് ബസപകടത്തില്‍ മരിച്ച വെള്ളനാട് സാരാഭായ് എന്‍ജിനിയറിങ് കോളേജിലെ അവസാന സെമസ്റ്റര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥികളിലൊരാളാണ് പേരയം വിശ്വപുരം ശ്രീമംഗലത്തില്‍ ഹേമന്ദ് എസ് കുമാര്‍. വൈകിട്ട് അഞ്ചരയോടുകൂടിയാണ് ഹേമന്ദിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. കേട്ടമാത്രയില്‍ നാട്ടുകാരും സുഹൃത്തുക്കളും വിശ്വപുരത്തെ ശ്രീമംഗലത്തേക്ക് ഒഴുകിയെത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാണ് ഹേമന്ദിന്റെ മൃതദേഹം വിശ്വപുരത്തെ വീട്ടിലെത്തിച്ചത്. നാടിന്റെ വിവിധ പ്രദേശങ്ങളിലുള്ളവരും സഹപാഠികളും ജൂനിയര്‍ വിദ്യാര്‍ഥികളും ഹേമന്ദിനെ അവസാനമായി ഒരുനോക്കു കാണാനെത്തി. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍ എംഎല്‍എ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി കെ മധു, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് ഹേമന്ദിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.പകല്‍ പതിനൊന്നരയോടെ ഹേമന്ദിന്റെ മൃതശരീരം വീട്ടുവളപ്പില്‍ സംസ്കരിച്ചു.