വിതുര: 'കൊലകൊല്ലി' എന്ന് പേരിട്ടുവിശേഷിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിലൂടെ പുറംലോകമറിഞ്ഞ പൊടിയക്കാല ആദിവാസി ഊരില്‍ ചൊവ്വാഴ്ച ആദ്യമായി വൈദ്യുതിയെത്തി. തിരുവനന്തപുരം നഗരവാസികള്‍ക്ക് കുടിവെള്ളം നല്‍കാന്‍ വിതുര പേപ്പാറയില്‍ ഡാം പണിതപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കാണ് 30 വര്‍ഷത്തിനുശേഷം വൈദ്യുതി കിട്ടിയത്. തൊട്ടടുത്തുള്ള പേപ്പാറ ഡാമില്‍ വൈദ്യുതി ഉല്പാദിപ്പിക്കുമ്പോഴും പൊടിയക്കാല നിവാസികള്‍ക്ക് ഇത് ലഭ്യമായില്ല. വീടുകള്‍ പ്രകാശമാനമാവുമ്പോള്‍ വന്യമൃഗങ്ങള്‍ അകന്നുനില്‍ക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.
ഡാം സ്ഥാപിക്കാനായി കുടിയൊഴിഞ്ഞുകൊടുക്കുമ്പോള്‍ റോഡും വൈദ്യുതിയുമൊക്കെ വാഗ്ദാനമുണ്ടായിരുന്നെങ്കിലും വനംവകുപ്പിന്റെയും മറ്റും എതിര്‍പ്പുകാരണം ഒന്നും നടന്നില്ല. സ്‌കൂളില്‍ പോകവേ കാട്ടാന ഓടിക്കുന്ന പൊടിയക്കാലയിലെ കുട്ടികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ സുരക്ഷിതത്വം കിട്ടിയിട്ട് മാസങ്ങളേ ആകുന്നുള്ളൂ. തങ്ങളെ ആക്രമിച്ച 'കൊലകൊല്ലി'യെപ്പോലും പൂജ നടത്തി ആരാധിക്കുന്ന പൊടിയക്കാല നിവാസികള്‍ ചൊവ്വാഴ്ച വൈദ്യുതിയെ എതിരേറ്റതും ഭക്തിയോടെയാണ്. ഊരിലെ പ്രമുഖ ശാന്തിക്കാരന്‍ വിശ്വനാഥന്‍ കാണി ട്രാന്‍സ്‌ഫോര്‍മറില്‍ പൂജ നടത്തിയശേഷമായിരുന്നു സ്വിച്ച് ഓണ്‍.
സഭാസമ്മേളനം അവസാനിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് വൈദ്യുതീകരണം ഉദ്ഘാടനത്തിന് സ്പീക്കര്‍ ജി. കാര്‍ത്തികേയന് എത്താന്‍ കഴിഞ്ഞില്ല. ജില്ലാ പഞ്ചായത്തംഗം അഡ്വ. എല്‍. ബീന, ബ്ലോക്ക് പഞ്ചായത്തംഗം ദീക്ഷിത്, വാര്‍ഡംഗം ശാന്ത എന്നിവര്‍ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചു. കെ.എസ്.ഇ.ബി. വിതുര സെക്ഷനില്‍ അപേക്ഷ നല്‍കിയ പൊടിയക്കാലയിലെ എല്ലാ കുടുംബങ്ങള്‍ക്കും ചൊവ്വാഴ്ച മുതല്‍ വൈദ്യുതി ലഭ്യമായതായി എ.ഇ. വിന്‍സ്റ്റണ്‍ അറിയിച്ചു.