പാലോട്: വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഗാഢനിദ്രയിലായതോടെ പാലോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ വെള്ളിയാഴ്ച നാല് സര്‍വീസുകള്‍ മുടങ്ങി. ഇദ്ദേഹത്തിന്റെ പരിധിവിട്ട ഉറക്കം ചില ജീവനക്കാര്‍ സ്‌ക്വാഡിനെ അറിയിച്ചു. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഉറങ്ങി ഷെഡ്യൂളുകള്‍ മുടങ്ങുന്നത് പാലോട് ഡിപ്പോയില്‍ സ്ഥിരം സംഭവമാണെന്ന് ജീവനക്കാര്‍ പറയുന്നു.
രാവിലെ 7.30ന് തുടങ്ങുന്ന തെന്നൂര്‍ ഫാസ്റ്റ്, എട്ടുമണിക്കുള്ള സൂര്യകാന്തി, 6.20ന്റെ കാരേറ്റ് - തെന്നൂര്‍, 5.50ന്റെ പോത്തന്‍കോട് സര്‍വീസുകളാണ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഉറങ്ങിപ്പോയതുകാരണം മുടങ്ങിയത്. കിടക്കവിട്ട് എഴുന്നേറ്റയുടന്‍ 6.40ന് കാട്ടിലക്കുഴി ഷെഡ്യൂളിലെ ഡ്രൈവര്‍ ജയന്തനുപകരം ഡബിള്‍ഡ്യൂട്ടി കഴിഞ്ഞുവന്ന മറ്റൊരു ഡ്രൈവറെ നിയോഗിച്ചതും പ്രശ്‌നങ്ങള്‍ക്കിടയാക്കി.
അടിയന്തരമായി അവധി അറിയിച്ചിരുന്ന ഡ്രൈവര്‍മാര്‍ക്ക് പകരം ഡ്രൈവര്‍മാരെ വിന്യസിക്കാന്‍ കഴിയാതെ പോയതിനാലാണ് സര്‍വീസ് മുടങ്ങിയത്. 12.40ന് നെടുമങ്ങാട്ടുനിന്ന് സ്‌ക്വാഡ് ഡിപ്പോയില്‍ എത്തി. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ എം.രാജേന്ദ്രന്‍ സുഖനിദ്രയിലായിരുന്നതിന്റെ ഫോട്ടോയും എടുത്താണ് സംഘം മടങ്ങിപ്പോയത്.