പാലോട്: തരണി ആര്‍ട്സ് അക്കാദമി സംഘടിപ്പിക്കുന്ന ഗ്രാമീണ നാടകോത്സവത്തിന് പാലോട്ട് തുടക്കമായി. ബ്രാഹ്മണ സമുദായത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുറന്നുകാട്ടുന്ന എം ടി വാസുദേവന്‍നായരുടെ പരിണയമായിരുന്നു ഉദ്ഘാടനനാടകം. കഥയ്ക്ക് കാലിക പ്രസക്തി നല്‍കി പുതിയ പാഠഭേദത്തോടെ നാടകാവിഷ്കാരവും സംവിധാനവും നിര്‍വഹിച്ചത് സൂര്യ കൃഷ്ണമൂര്‍ത്തിയാണ്. സ്ത്രീസമൂഹം അനുഭവിക്കുന്ന ദുഃസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ് പുതുജീവിതത്തിലേക്ക് ധീരമായ കാല്‍വയ്പ് നടത്തുന്ന നങ്ങേലി അന്തര്‍ജനമാണ് കഥയിലെ നായിക. നായികാ കഥാപാത്രം രംഗത്തെത്തുന്നില്ല എന്നുള്ളതാണ് നാടകത്തിന്റെ ഒരു പ്രത്യേകത. പകരം അരങ്ങിലെത്തിയത് വാല്യക്കാരിയായ ഒരു സ്ത്രീയാണ് നായികയ്ക്ക് ജീവന്‍ നല്‍കുന്നത്. ആധുനിക കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ ധീരമായ ചെറുത്തുനില്‍പ്പിന് തന്റേടത്തോടെ പോരാടി സ്ത്രീകള്‍ ഇച്ഛാശക്തി നേടണമെന്ന സന്ദേശവും നാടകം നല്‍കുന്നു. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തിന്റെ പ്രധാന കഥാപാത്രങ്ങളായി ആശാദേവി, ജോസ് പി റാഫേല്‍, അരുണ്‍നാഥ്, ദേവന്‍ നെല്ലിമൂട്, എ കെ സുജിത്, ഷാജി നിസാര്‍, റജുപിള്ള, അജയന്‍ ആലത്തൂര്‍ എന്നിവര്‍ അരങ്ങിലെത്തി. കമനീയമായ നാലുകെട്ടിന്റെ രംഗപടമൊരുക്കിയത് ഹൈലേഷാണ്. പ്രൊഫ. എ അലിയാര്‍ നാടകോത്സവം ഉദ്ഘാടനംചെയ്തു. കെ ശിവദാസന്‍ അധ്യക്ഷനായി. തെന്നൂര്‍ ബി അശോക് സ്വാഗതം പറഞ്ഞു. എ ഇ അഷറഫ് സംസാരിച്ചു. നാടകദിനത്തിന്റെ രണ്ടാംദിനമായ തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന സാംസ്കാരികസമ്മേളനം ഗാനരചയിതാവ് അനില്‍ പനച്ചൂരാന്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് എന്‍ എന്‍ പിള്ളയുടെ ഗുഡ്നൈറ്റും കെ പ്രഭാകരന്റെ "തസ്കരന്‍" നാടകവും അരങ്ങേറും. 30ന് എന്‍ എന്‍ പിള്ളയുടെ ശുദ്ധമദ്ദളവും രവീന്ദ്രനാഥ ടാഗോറിന്റെ സൂക്ഷ്മചര്‍ച്ച നാടകവും നടക്കും. തുടര്‍ന്നുള്ള സമാപനസമ്മേളനം സൂര്യകൃഷ്ണമൂര്‍ത്തി ഉദ്ഘാടനംചെയ്യും. നാടകോത്സവത്തിലൂടെ സമാഹരിച്ച തുക നിരാലംബരായ ക്യാന്‍സര്‍ രോഗികള്‍ക്ക് ചടങ്ങില്‍ കൈമാറും.