പെരിങ്ങമ്മല: വനാതിര്‍ത്തി തിരിച്ചറിയുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ജണ്ടകള്‍ ഇടിച്ചു മാറ്റിയശേഷം പെരിങ്ങമ്മല ഭാഗങ്ങളില്‍ വ്യാപകമായി വനഭൂമി കൈയേറുന്നതായി പരാതി. ഇടവം, ഇടിഞ്ഞാര്‍, ബൗണ്ടര്‍മുക്ക്, ഗാര്‍ഡര്‍ സ്റ്റേഷന്‍, കൊച്ചുവിള പ്രദേശങ്ങളിലാണ് കൈയേറ്റം വ്യാപകമായിരിക്കുന്നത്. ജണ്ടകള്‍ അകത്താക്കി വേലികെട്ടലാണ് ആദ്യപടി. പിന്നീട് വേലി പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിച്ച് മറയ്ക്കുന്നു. തുടര്‍ന്നാണ് മറയ്ക്കുപിന്നിലെ ജണ്ടകള്‍ പാടെ പൊളിച്ചു മാറ്റുന്നത്. ഇതോടെ വന്‍ തോതില്‍ വനഭൂമി സ്വകാര്യ വ്യക്തികള്‍ സ്വന്തമാക്കുന്നു.
വനം വകുപ്പിന്റെ ഓഫീസിനു വിളിപ്പാടകലെയാണ് ഇങ്ങനെ വന്‍ തോതില്‍ വനം കൈയേറ്റം നടക്കുന്നത്. എന്നിട്ടും അധികൃതര്‍ ഇതൊന്നും കണ്ട മട്ടില്ല. പെരിങ്ങമ്മല ബൗണ്ടര്‍ മുക്കിനു സമീപം പഴയ ജണ്ട പൊളിച്ചു മാറ്റിയ ശേഷം പുതിയ ജണ്ട പണിഞ്ഞ സംഭവവും ഉണ്ടായി. നാട്ടുകാര്‍ വനം വകുപ്പിന് പരാതി നല്‍കി ഒരു മാസം പിന്നിട്ടിട്ടും വകുപ്പുതല നടപടികള്‍ ഒന്നും ഉണ്ടായില്ല. സ്വകാര്യ വ്യക്തി സൗകര്യപ്രദമായി റോഡ് നിര്‍മ്മിക്കുന്നതിനാണ് ഇവിടെ വനം വകുപ്പിന്റെ ജണ്ട ഇടിച്ചുമാറ്റിയത്. ഗാര്‍ഡര്‍ സ്റ്റേഷന്‍ മുതല്‍ അഗ്രിഫാം വരെയുള്ള റോഡിന്റെ ഇടതുഭാഗത്ത് ഇങ്ങനെ പന്ത്രണ്ടിലധികം ജണ്ടകളാണ് ഇടിച്ചു നിരപ്പാക്കിയത്.
വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗാര്‍ഡര്‍ സ്റ്റേഷന്‍ ഓഫീസിന്റെ മൂക്കിനു താഴെയാണ് ഈ കൈയേറ്റങ്ങളത്രയും നടക്കുന്നത്. റോഡിന്റെ പാര്‍ശ്വങ്ങളില്‍ നില്‍ക്കുന്ന വര്‍ഷങ്ങള്‍ പഴക്കമാര്‍ന്ന മഹാഗണി മരങ്ങള്‍ സ്വന്തമാക്കുന്നതിനും നീക്കങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.