വിതുര:വിതുരയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം വെള്ളിയാഴ്ച ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. അഗ്‌നിശമന രക്ഷാസേന സാങ്കേതിക ഡയറക്ടര്‍ ബി.സത്യന്‍, തിരുവനന്തപുരം അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ നൗഷാദ്, സ്റ്റേഷന്‍ ഓഫീസര്‍മാരായ ജി.സുരേഷ്‌കുമാര്‍ (ആറ്റിങ്ങല്‍), ജെ.സുരേഷ്‌കുമാര്‍ (നെടുമങ്ങാട്) എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. വിതുര പോലീസ് സ്റ്റേഷന് സമീപത്തുള്ള ആഭ്യന്തരവകുപ്പിന്റെ ഭൂമിയിലാണ് ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.പോലീസ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള നാലു ക്വാര്‍ട്ടേഴ്‌സുകള്‍ ഫയര്‍ സ്റ്റേഷനായി വിട്ടുകൊടുക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടു കെട്ടിടങ്ങളിലായാണ് ഈ നാലു ക്വാര്‍ട്ടേഴ്‌സുകള്‍. സ്റ്റേഷന്‍ വളപ്പിന് പിന്നിലായുള്ള ഈ കെട്ടിടങ്ങള്‍ ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു. ഫയര്‍സ്റ്റേഷന്റെ വാച്ച്‌റൂമും റെസ്റ്റ് റൂമുമായി ഇവയെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. മുന്‍വശത്താവും ഗാരേജ് സ്ഥാപിക്കുക. ജല അതോറിട്ടിയുടെ വിതുര താവയ്ക്കല്‍ പമ്പ് ഹൗസും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. സ്വന്തമായി ജലസംഭരണി സ്ഥാപിക്കുന്നതുവരെ താവയ്ക്കല്‍ നിന്ന് ജലം ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിന് താമസം നേരിട്ടാല്‍ പൊന്നാന്‍ചുണ്ട് പാലത്തില്‍ വാഹനം പാര്‍ക്ക് ചെയ്തശേഷം വാമനപുരം ആറ്റില്‍നിന്ന് ഫ്‌ളോട്ട് പമ്പ് വഴി ജലമെടുക്കും.പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍, അംഗങ്ങളായ മാന്‍കുന്നില്‍ പ്രകാശ്, എ.കെ.ഷിഹാബ്ദീന്‍, കെ.വിജയകുമാര്‍, എം.എസ്.റഷീദ് തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.