വനത്തിലെത്തുന്ന സഞ്ചാരികള്‍ കാട്ടരുവികളുടെ അവസ്ഥകണ്ട് അമ്പരക്കുകയാണ്. ബോണക്കാട് നിവാസികള്‍ കുടിക്കാനും കുളിക്കാനുമൊക്കെ വെള്ളമെടുക്കുന്ന അരുവികള്‍ പൂര്‍ണമായി വറ്റാത്തതുകൊണ്ട് നെട്ടോട്ടം തുടങ്ങിയിട്ടില്ല. ബോണക്കാട് മാട്ടുപ്പെട്ടി ജങ്ഷനില്‍ ചായക്കട നടത്തുന്ന സ്റ്റെല്ല രണ്ട് ആണ്‍മയിലുകള്‍ക്ക് സ്ഥിരമായി ഭക്ഷണം കൊടുക്കുന്നുണ്ട്. കടയ്ക്കുമുന്നിലെ ബദാം മരത്തിലാണ് ഇവ വന്നിരിക്കാറ്. മഴയ്ക്കുള്ള സാധ്യത ഇല്ലാത്തതിനാലാകും ഇപ്പോള്‍ പീലിവിടര്‍ത്തി നൃത്തമൊന്നുമില്ല.
അടിവാരമായ ചാത്തന്‍കോട്ടെ ആദിവാസികള്‍ക്ക് കാട്ടാനകള്‍ക്ക് പുറമേ കാട്ടുപോത്തിനെയും പേടിക്കേണ്ട അവസ്ഥയാണ്. കാട്ടാന ജീവന് ഭീഷണിയാണെങ്കില്‍ കാട്ടുപോത്തും കേഴയാടും കൃഷിയുടെ അന്തകരാണ്. പലരും മറ്റ് കൃഷികള്‍ നിര്‍ത്തി റബ്ബറിലേക്ക് ചേക്കേറി. റബര്‍ വ്യാപകമായത് വരള്‍ച്ചയ്ക്ക് ഇടയാക്കിയെന്ന് ഇവര്‍ സമ്മതിക്കുന്നുണ്ട്.