പെരിങ്ങമ്മല: തപാലോഫീസില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ മാത്രം അകലെയുള്ള ആദിവാസി സെറ്റില്‍മെന്റിലേക്ക് കൃത്യസമയത്ത് തപാലുരുപ്പടികള്‍ നല്‍കുന്നില്ലെന്ന് പരാതി. പെരിങ്ങമ്മല ഇടിഞ്ഞാര്‍ വിട്ടിക്കാവ് ആദിവാസി സെറ്റില്‍മെന്റിലുള്ള 63 കുടുംബങ്ങളാണ് ഇതുസംബന്ധിച്ച് പോസ്റ്റല്‍ സൂപ്രണ്ടിന് പരാതി നല്‍കിയത്.
കത്തുകള്‍, രജിസ്റ്റേര്‍ഡ് കത്തുകള്‍, പി.എസ്.സി. മെമ്മോകള്‍, ആനുകാലികങ്ങള്‍ ഒന്നും കൃത്യമായി കിട്ടുന്നില്ലെന്നും സമീപത്തെ മീന്‍ കടകളില്‍ ഉപേക്ഷിച്ചുപോവുകയാണ് പതിവെന്നും പരാതിക്കാര്‍ പറയുന്നു. ഈ കത്തുകള്‍ യഥാര്‍ഥ മേല്‍വിലാസക്കാരന് പലപ്പോഴും കിട്ടാറില്ലെന്നും അഥവാ കിട്ടിയാല്‍ അത് ആഴ്ചകള്‍ കഴിഞ്ഞാണെന്നും ആദിവാസികള്‍ പറയുന്നു. ആധാര്‍ കാര്‍ഡുകള്‍ പോലും ഇപ്പോഴും നല്‍കിയിട്ടില്ല. സ്‌കൂള്‍, കോളേജ് പ്രവേശനത്തിന് ഇത് പ്രശ്‌നമാകുന്നുണ്ട്. പോസ്റ്റല്‍ അസിസ്റ്റന്റ്, സൂപ്രണ്ട്, നെടുമങ്ങാട് ഡിവിഷണല്‍ സൂപ്രണ്ട്. ചീഫ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെല്ലാം ഇതുസംബന്ധിച്ച് പരാതികള്‍ നല്‍കിയിട്ടും യാതൊരു തരത്തിലുള്ള അന്വേഷണവും നടന്നിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നു.