പാലോട്: അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ചിപ്പന്‍ചിറ പാലത്തില്‍ സുരക്ഷയൊരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. അഞ്ചല്‍ തടിക്കാട്ടുനിന്ന് പാലോട്ടുള്ള പാരമ്പര്യ വൈദ്യനെ കാണാന്‍ വന്ന സംഘം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ വെള്ളിയാഴ്ച പുലര്‍ച്ചെ പാലത്തില്‍ നിന്ന് ആറ്റിലേക്ക് പതിച്ചു. അപകടത്തില്‍ കാലൊടിഞ്ഞ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസത്തിനിടെ രണ്ടാമത്തെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.
നൂറ്റാണ്ടിലധികം പഴക്കമുള്ള പാലമാണ് ചിപ്പന്‍ചിറയില്‍ ചിറ്റാറിന് കുറുകെയുള്ളത്. ഏറെ ഗതാഗതതിരക്കുള്ള തിരുവനന്തപുരം-ചെങ്കോട്ട റോഡിലാണിത്. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്ന്‌പോകാന്‍ മാത്രം വീതിയുള്ള പാലത്തിലേക്ക് കൊടുംവളവ് തിരിഞ്ഞുവേണം വാഹനങ്ങള്‍ക്ക് കടക്കാന്‍. പാലത്തിനും വളവിനുമിടയിലെ സംരക്ഷണഭിത്തിയൊന്നുമില്ലാത്ത വിടവിലൂടെയാണ് നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങള്‍ ആറ്റിലേക്ക് പതിക്കുന്നത്. ഇവിടെ സംരക്ഷണവേലി തീര്‍ത്താല്‍ അപകടങ്ങള്‍ ഒഴിവാക്കാനാകുമെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
അപകടാവസ്ഥമൂലം നിരവധിതവണ ഗതാഗതം നിര്‍ത്തിവയ്‌ക്കേണ്ടിവന്ന പാലമാണ് ചിപ്പന്‍ചിറയിലേത്. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ക്ക് ഇപ്പോഴും പാലത്തില്‍ നിയന്ത്രണമുണ്ട്. എന്നാല്‍ ഇത് നോക്കാന്‍ ജീവനക്കരെയൊന്നും നിയോഗിച്ചിട്ടില്ല.