WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, May 29, 2013

ഉദ്ഘാടനം ചെയ്യാനെത്തിയ എം.എല്‍.എ.യെ നാട്ടുകാര്‍ തടഞ്ഞു

പാലോട്: ഒരുകോടി ചെലവിട്ട് നടപ്പാക്കുന്ന 'സമ്പൂര്‍ണ ഗ്രാമം' പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ വാമനപുരം എം.എല്‍.എ. കോലിയക്കോട് കൃഷ്ണന്‍നായരെ വേങ്കൊല്ല ശാസ്താംനട കോളനിക്കാര്‍ തടഞ്ഞുവച്ചു. എം.എല്‍.എ. ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തിയപ്പോള്‍ അതേ മേശമേല്‍ നാട്ടുകാര്‍ മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു. യോഗത്തില്‍ നിന്ന് പ്രകോപിതനായി ഇറങ്ങിപ്പോകാന്‍ ശ്രമിച്ച എം.എല്‍.എ.യുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് നാല് കിലോമീറ്റര്‍ ദൂരം കാട്ടുപാതയിലൂടെ എം.എല്‍.എ.യേയും ജനപ്രതിനിധികളേയും കോളനിക്കാര്‍ നടത്തിച്ചു. നടത്തത്തിനിടെ കാട്ടാനക്കൂട്ടം വഴിയില്‍ നിന്നത് അങ്കലാപ്പ് സൃഷ്ടിച്ചു.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വേങ്കൊല്ല ശാസ്താംനട കോളനിയില്‍ നാടകീയസംഭവങ്ങള്‍. ജെ. അരുന്ധതി എം.എല്‍.എ. ആയിരുന്ന കാലത്താണ് ശാസ്താംനട സമ്പൂര്‍ണ ഗ്രാമമാക്കുന്നതിനുള്ള പദ്ധതികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ബജറ്റില്‍ ഇതിനായി ഒരു കോടിരൂപ വകയിരുത്തി. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തിനാണ് കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. സ്ഥലത്തെത്തിയത്.

രാവിലെ 10.05ന് യോഗം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി. വത്സലയായിരുന്നു അധ്യക്ഷ. 10.20ന് എം.എല്‍.എ. നിലവിളക്ക് കൊളുത്താന്‍ എഴുന്നേറ്റതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പിരപ്പന്‍കോട് മുരളി എം.എല്‍.എ. ആയിരുന്ന കാലത്ത് നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതഗ്രാമം പദ്ധതി യാഥാര്‍ഥ്യമായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എം.എല്‍.എ. വിളക്ക് കത്തിച്ചപ്പോള്‍ നാട്ടുകാര്‍ 25-ലധികം മണ്ണെണ്ണ വിളക്കുകള്‍ കത്തിച്ച് നിലവിളക്കിന് ചുറ്റും വച്ചു. പുക ശല്യമായപ്പോള്‍ എം.എല്‍.എ.യ്ക്ക് പ്രസംഗിക്കാനായില്ല, ക്ഷോഭിച്ച് തിരികെ ജീപ്പില്‍ കയറി മടങ്ങാന്‍ തുടങ്ങിയ എം.എല്‍.എ.യെ നാട്ടുകാര്‍ തടഞ്ഞു.

തുടര്‍ന്ന് കോലിയക്കോട് കൃഷ്ണന്‍നായര്‍ ജീപ്പില്‍ നിന്നുമിറങ്ങി കാട്ടിലൂടെ നടന്നു. ഒപ്പം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖ, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ബ്ലോക്ക് അംഗം ബി. പവിത്രകുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍ നായര്‍, സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം കൊല്ലായില്‍ സുലൈമാന്‍, വാര്‍ഡംഗം വേങ്കൊല്ല ഉണ്ണി എന്നിവര്‍ എം.എല്‍.എ.യെ അനുഗമിച്ചു. ശാസ്താംനട അമ്പലം കഴിഞ്ഞ് രണ്ടാമത്തെ വളവില്‍ എത്തിയപ്പോഴേക്കും റോഡില്‍ കാട്ടാനക്കൂട്ടം. ആനക്കൂട്ടത്തെ കണ്ടപ്പോള്‍ സമരക്കാരായ കോളനിക്കാര്‍ക്ക് ആവേശമായി. തങ്ങളുടെ ദയനീയസ്ഥിതി കണ്ടോ എന്ന ചോദ്യശരങ്ങളുമായി നാട്ടുകാര്‍ ജനപ്രതിനിധികളെ വീണ്ടും വളഞ്ഞു.