പാലോട്: ജനവാസകേന്ദ്രത്തിനടുത്തുനിന്ന് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിയില്‍ തളച്ച് ഉള്‍വനത്തില്‍ വിട്ട കാട്ടാന മടങ്ങിയെത്തി. പന്നിയോട്ടുകടവിനുസമീപം അമ്പതോളം വാഴ നശിപ്പിച്ചു. സമീപവാസികളില്‍ ചിലരെ വിരട്ടിയോടിക്കുകയും ചെയ്തു. ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ വീണ്ടും പരാതിയുമായെത്തി. പത്തുദിവസംമുമ്പ് പെരിങ്ങമ്മല പഞ്ചായത്തില്‍ ഉള്‍പ്പെട്ട പന്നിയോട്ടുകടവില്‍വച്ചാണ് കാട്ടാനയെ മയക്കുവെടിവച്ച് തളച്ചത്. ജനനേന്ദ്രിയത്തില്‍ മുറിവേറ്റ നിലയില്‍ കണ്ട ആനയെ ചികിത്സ നല്‍കിയശേഷം താപ്പാനയുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി ശംഖിലി വനത്തില്‍ വിടുകയായിരുന്നു. മുറിവുണങ്ങി ആരോഗ്യം വീണ്ടെടുത്ത പിടിയാനയെ മൂന്നുദിവസംമുമ്പാണ് പന്നിയോട്ടുകടവിനുസമീപം നാട്ടുകാര്‍ കണ്ടെത്തിയത്. മുറിവുണങ്ങിയ കാട്ടാന മുമ്പത്തേക്കാള്‍ ശൗര്യത്തോടെയാണ് വിഹരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആനയെ വനത്തിനുള്ളിലേക്കുതന്നെ വിരട്ടിയോടിക്കാന്‍ ആദിവാസികളും വനംവകുപ്പ് ജീവനക്കാരും അടങ്ങിയ ടീമിനെ നിയോഗിച്ചിട്ടുണ്ട്. പേപ്പാറയില്‍നിന്നുള്ള ദ്രുതപ്രതികരണസംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. ശല്യക്കാരിയായ പിടിയാനയ്ക്ക് ദഹനസംബന്ധമായ അസുഖമുള്ളതായി കരുതുന്നുവെന്ന് ഡിഎഫ്ഒ എസ് മോഹനന്‍പിള്ള പറഞ്ഞു. ഇതുമൂലമാകാം ചക്കയടക്കമുള്ള നാട്ടിന്‍പുറത്തെ ഭക്ഷണം തേടി ആന മടങ്ങിയെത്തിയത്. വനത്തിനുള്ളിലേക്ക് മടങ്ങിയില്ലെങ്കില്‍ സിസിഎഫിന്റെ അനുമതിയോടെ മയക്കുവെടിവച്ച് തളച്ച് പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു. - See more at: http://www.deshabhimani.com/newscontent.php?id=296799#sthash.OmKWvcqG.dpuf