പാലോട്: തമിഴ്‌നാട്ടില്‍നിന്ന് ചില്ലറവില്പനയ്ക്കായി കൊണ്ടുവന്ന അഞ്ച്കിലോ കഞ്ചാവുമായി രണ്ടുപേരെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. പേരയം പാലുവള്ളി വിട്ടിക്കാവ് ചരുവിളപുത്തന്‍വീട്ടില്‍ കാര്‍ഗില്‍ ഷിബു എന്നുവിളിക്കുന്ന എം. ഷിബു (26), പേരയം പൊടിക്കിലാം മേക്കുംകര പുത്തന്‍വീട്ടില്‍ പൗലു എന്നുവിളിക്കുന്ന വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും അന്തര്‍സംസ്ഥാന മയക്കുമരുന്നുസംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. പാലോട്ട് പോലീസ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കാര്‍ഗില്‍ ഷിബുവിന്റെ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഷിബുവിന്റെ വീട്ടില്‍ പെട്ടികളിലായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കാര്‍ഗില്‍ ഷിബുവിനെക്കൊണ്ട് ഫോണില്‍ വിളിച്ചുവരുത്തിയാണ് പൗലു വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
നേരത്തെ നിരവധി മോഷണക്കേസുകള്‍, വധശ്രമക്കേസുകള്‍, പിടിച്ചുപറിക്കേസുകളില്‍ പ്രതിയാണ് കാര്‍ഗില്‍ ഷിബു. പാലോട് സി.ഐ പ്രദീപ്കുമാര്‍, എസ്.ഐ ഡി. ഷിബു, എ.എസ്.ഐ രത്‌നാകരന്‍, മാത്യു, ഷിബു, സുനിലാല്‍, വിനോദ്, സുനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.