പാലോട്. ചെറ്റച്ചല്‍ ജഴ്സി ഫാം വക പൊട്ടന്‍ചിറയിലുള്ള ഭൂമി ആദിവാസികള്‍ക്കു പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന റിലേ സത്യഗ്രഹം ഇന്നു നൂറാം ദിവസത്തിലേക്ക്. തീരുമാനം ഒന്നുമാകാത്തതുമൂലം ഭൂമിക്കായി കാത്തിരിക്കുന്ന ആദിവാസികളില്‍ ആശങ്ക വളരുന്നു. ഇവിടെ ഭൂമി കയ്യേറി താമസമാക്കിയിരിക്കുന്ന ആദിവാസികളാണ് റോഡ്വക്കിലെ സമരപ്പന്തലില്‍ പ്രതീക്ഷയര്‍പ്പിച്ചു സമരമിരിക്കുന്നത്. ആന്റണി സര്‍ക്കാരിന്റെ കാലത്ത് 2002ലായിരുന്നു സമരത്തിന്റെ തുടക്കം.
ഭൂമി പതിച്ചുകിട്ടണമെന്നാവശ്യപ്പെട്ടു ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ചെറ്റച്ചല്‍ ജഴ്സി ഫാമിന്റെ 24 ഏക്കര്‍ ഭൂമിയിലേക്കു മാര്‍ച്ച് നടത്തി കയ്യേറുകയും കുടില്‍ കെട്ടി താമസമാരംഭിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിച്ചെങ്കിലും പതിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്നു സമരം തണുക്കുകയും കുടില്‍ കെട്ടിയ പലരും ഒഴിഞ്ഞുപോവുകയും ചെയ്തു.
ഇതിനിടെ ജഴ്സിഫാമില്‍ ഹൈടെക് ഫാം ആരംഭിക്കാനുള്ള ജില്ലാ പഞ്ചായത്ത് നീക്കത്തിന്റെ ഭാഗമായി ആദിവാസികള്‍ക്കു മറ്റു ഭൂമി കണ്ടെത്തി നല്‍കി കയ്യേറിയ ഭൂമി ഒഴിപ്പിച്ചുകിട്ടാന്‍ ഫാം തൊഴിലാളികളും നാട്ടുകാരും പരാതി നല്‍കിയതിനെ തുടര്‍ന്നു കഴിഞ്ഞ ജനുവരി 25നു ഡപ്യൂട്ടി കലക്ടര്‍ തെളിവെടുക്കാന്‍ എത്തിയതിനെ തുടര്‍ന്നാണ് അസ്തമിച്ച സമരം വീണ്ടും ഉദയം ചെയ്തത്. ഭൂമി പതിച്ചുകൊടുക്കാനാണു കലക്ടര്‍ തെളിവെടുത്തതെന്ന
പ്രചാരണം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആദിവാസികള്‍ സമര രംഗത്തേക്കു വരികയായിരുന്നു.
ഭൂമിയില്‍ അനവധി കുടിലുകള്‍ വീണ്ടും ഉയര്‍ന്നു. ഭൂമിക്ക് അര്‍ഹരായ ഏതാനും ആദിവാസികള്‍ ഈ ഭൂമിയിലും സമര രംഗത്തുമുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്ന് അടുത്ത പ്രദേശമായ വിതുരയില്‍ പാര്‍ട്ടി ഓഫിസ് ഉദ്ഘാടനത്തിന് എത്തുന്നുണ്ട്. സമരപ്പന്തലില്‍ വരാന്‍ സാധ്യതയുണ്ട്. ആദിവാസികള്‍ ഒരു വശത്തു സമരം തുടരുമ്പോള്‍ മറുവശത്തു ജഴ്സി ഫാം തൊഴിലാളികളും സമരരംഗത്താണ്. അവരും ഫാം ജംക്ഷനില്‍ പന്തലൊരുക്കി സമരം തുടങ്ങിയിട്ടു നൂറു ദിവസത്തോളമായി. ഏതായാലും ആദിവാസികള്‍ക്കു ഭൂമിയും കിട്ടുന്നില്ല ഫാം വികസനവും നടക്കുന്നില്ല എന്നതാണു നിലവിലെ അവസ്ഥ.