പാലോട്:വിവാദമായ ചെല്ലഞ്ചിപാലം പണിയുടെ നിര്‍മാണ മേല്‍നോട്ടത്തിനായി ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സബ്കമ്മിറ്റി എടുത്തു. അടുത്തവര്‍ഷം മാര്‍ച്ചില്‍ പാലം പണിപൂര്‍ത്തീകരിക്കും. രണ്ടരവര്‍ഷമായിട്ടും പാലംപണി രണ്ടുപില്ലറുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്ഥലം എം.എല്‍.എ. കോലിയക്കോട് കൃഷ്ണന്‍നായര്‍ ഇടപെട്ട് നന്ദിയോട് പഞ്ചായത്ത് ഹാളില്‍ ഉദ്യോഗസ്ഥസംഘത്തെ വിളിച്ചുവരുത്തിയത്.
12 കോടി ചെലവിട്ട് 2010 ലാണ് ചെല്ലഞ്ചി പാലം പണി തുടങ്ങിയത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാലം പണി ഉദ്ഘാടനം ചെയ്യുമ്പോള്‍ രണ്ടുവര്‍ഷം കൊണ്ട് പാലം പണി തീര്‍ക്കും എന്നാണ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷംകൊണ്ട് ആകെ പണിഞ്ഞത് മൂന്നു പില്ലറുകള്‍ മാത്രം. പണി ഇഴഞ്ഞു നീങ്ങിയപ്പോള്‍ പാലത്തിന് സൗജന്യമായി വസ്തുവിട്ടു നല്‍കിയവരും നാട്ടുകാരും സമരത്തിനിറങ്ങി. പാലം പണിക്കിറക്കിയ യന്ത്രോപകരണങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ കരാറുകാരന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പാലത്തിനുസമീപം പന്തല്‍ കെട്ടി സമരം ആരംഭിച്ചു.
എം.എല്‍.എ. നിയമസഭയില്‍ വിഷയം അവതരിപ്പിച്ചു. ഒരുമാസത്തിനുള്ളില്‍ പണി തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉറപ്പു നല്‍കിയെങ്കിലും പണി വീണ്ടും ഇഴഞ്ഞു നീങ്ങി. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്തത്.
എം.എല്‍.എ. കോലിയക്കോട് കൃഷ്ണന്‍നായര്‍, നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവ്, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ എ.വി. സുരേഷ്, റീജണല്‍ മാനേജര്‍ സുധ, പഞ്ചായത്ത് അംഗം കവിത, പൊതുമരാമത്ത് എ.എക്‌സ്.ഇ. പ്രബലചന്ദ്രന്‍, എ.ഇ. സജവ്, എ.സി. രാജപ്പന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സബ് കമ്മിറ്റി. നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും ഇവരുടെ മേല്‍നോട്ടം ഉണ്ടാകും. 2014 മാര്‍ച്ച് 30 ന് മുമ്പ് പാലംപണി പൂര്‍ത്തീകരിക്കും.