വിതുര. മഴക്കാലം കനത്തതോടെ സാധാരണക്കാരുടെ ദുരിതങ്ങള്‍ വര്‍ധിക്കുന്നു. തള്ളച്ചിറ - ആട്ടിന്‍കൂട് റോഡ് മഴയത്തു ചെളിക്കുളമായി മാറിയിരിക്കുകയാണ്. മേമലനിന്നും വിതുരയിലെത്താനുള്ള എഴുപ്പവഴികളിലൊന്നാണ് ഈ റോഡ്. ഒട്ടനവധി പേര്‍ ദിവസവും ഈ റോഡിലൂടെ യാത്ര ചെയ്യാറുണ്ട്. എന്നാല്‍ മഴക്കാലമായാല്‍ ഇതുവഴിയുള്ള യാത്ര ദുരിതപൂര്‍ണമായി മാറുന്നതു വര്‍ഷങ്ങളായി തുടരുകയാണ്.
ഏറെ തവണ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കിയിട്ടും കാര്യമായ നടപടി സ്വീകരിച്ചില്ലെന്നു നാട്ടുകാര്‍ പറയുന്നു. റോഡിന്റെ ശോചനീയ അവസ്ഥ ഒറ്റപ്പെട്ട ചില അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അതേസമയം വരുന്ന വര്‍ഷത്തെ ബജറ്റില്‍ ഈ റോഡിനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പണി വൈകാതെ തുടങ്ങുമെന്നും പഞ്ചായത്ത് അംഗം എല്‍. അംബിക അറിയിച്ചു.