പാലോട്: പാലോട് ആശുപത്രി ജങ്ഷന്‍, കള്ളിപ്പാറ, സത്രക്കുഴി തുടങ്ങിയ പ്രദേശങ്ങളില്‍ ആഞ്ഞില്‍വൃക്ഷങ്ങള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങി നശിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഈ പ്രദേശത്ത് 45 ലധികം ആഞ്ഞില്‍ മരങ്ങളാണ് കരിഞ്ഞുണങ്ങിപ്പോയത്. 15 മുതല്‍ 35 വര്‍ഷം വരെ പഴക്കമുള്ള ആഞ്ഞില്‍വൃക്ഷങ്ങളാണ് നശിച്ചത്. ഈ ഇനത്തില്‍ ഉടമകള്‍ക്കോരോരുത്തര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. മരങ്ങള്‍ ഉണങ്ങിപ്പോവുന്നതിന്റെ കാരണങ്ങളെപ്പറ്റി പഠിക്കാന്‍ ശാസ്ത്രരംഗത്തുള്ളവര്‍ മുന്നോട്ടുവരണമെന്ന് നാട്ടുകാര്‍ പറയുന്നു.
മെയ് 15ന് ശേഷമാണ് മരങ്ങളില്‍ വാട്ടവും മഞ്ഞളിപ്പും കണ്ടുതുടങ്ങിയത്. പെട്ടെന്നുതന്നെ ഇലകള്‍ കരിഞ്ഞുണങ്ങി. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇലകള്‍ പാടെ കൊഴിഞ്ഞ് മരങ്ങള്‍ പട്ട വീണ്ടുകീറി ഉണങ്ങുകയായിരുന്നു എന്ന് മരത്തിന്റെ ഉടമകള്‍ പറയുന്നു. സത്രക്കുഴി മേഖലയിലാണ് ഏറ്റവുമധികം ആഞ്ഞിലുകള്‍ ഉണങ്ങിനശിച്ചത്. സനല്‍കുമാറിന്റെ മൂന്ന്, ഇന്ദുലേഖയുടെ 12, വിദ്യാധരന്‍ നായരുടെ നാല്, ഹരികുമാറിന്റെ രണ്ട്, പ്രവീണയുടെ അഞ്ച്, സുരേന്ദ്രന്‍നായരുടെ രണ്ട്, ഗിരിജ, സുധ, ചന്ദ്രലേഖ, രാജി എന്നിവരുടെ രണ്ട് ആഞ്ഞിലുകള്‍ വീതമാണ് കരിഞ്ഞുണങ്ങിയത്. ഇതില്‍ മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ള ആഞ്ഞിലുകളുമുണ്ട്.
ഒന്നര ലക്ഷത്തിലധികം വിലപറഞ്ഞ ആഞ്ഞിലുകളാണ് നശിച്ചുപോയത്. മുമ്പ് ഗ്രാമങ്ങളില്‍ യഥേഷ്ടം കണ്ടിരുന്ന മുരിക്ക്, പേഴ് എന്നീ മരങ്ങള്‍ നശിച്ചുപോയതുപോലെ ആഞ്ഞിലിനും രോഗം ബാധിക്കുകയാണോ എന്ന് കര്‍ഷകര്‍ സംശയിക്കുന്നു.
പ്രശ്‌നം അടുത്തദിവസംതന്നെ നേരിട്ടെത്തി അപഗ്രഥനം ചെയ്യുമെന്നും കൂടുതല്‍ പഠനങ്ങള്‍ക്ക് കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണവിഭാഗത്തെകൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പരിഹാരം കാണുമെന്നും ദേശീയ സസ്യോദ്യാനത്തിലെ സസ്യഗവേഷണ വിഭാഗത്തിലെ ഡോ. ടി. സാബു 'മാതൃഭൂമി'യോട് പറഞ്ഞു.