
പാലോട്: മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ പാലോട് പോലീസ് അറസ്റ്റുചെയ്തു. വര്‍ക്കല പുന്നമൂട് പൊട്ടക്കുളം വീട്ടില്‍ എം. രഞ്ജിത്ത് (20), പുന്നമൂട് കിടങ്ങില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ വാസു എന്നുവിളിക്കുന്ന എസ്. ലാല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ബസ്സിലെ ക്ലീനര്‍ ആയിരുന്ന രഞ്ജിത്തും കൊത്തപ്പണിക്കാരനായ ലാലും മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നുമാണ് പരാതിക്കാരിയുടെ നമ്പര്‍ സംഘടിപ്പിച്ചത്.
തുടര്‍ന്ന് നിരന്തരം പാലോട് എത്തി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞ് വിവാഹം കഴിച്ചുകൊള്ളാം എന്ന് വാഗ്ദാനം നല്‍കിയിരുന്നു. പരീക്ഷ തീര്‍ന്നതിനുശേഷം സംഘത്തിലെ മൂന്നാമനായ അന്‍വര്‍ഷാ എന്നുവിളിക്കുന്ന വിഷ്ണുവിന്റെ ഓട്ടോയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി.നാലുദിവസം ഇവര്‍ മൂന്നുപേരും ചേര്‍ന്ന് രണ്ടുവീടുകളില്‍ മാറിമാറി താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. നാലാം ദിവസം പെണ്‍കുട്ടിയെ വീടിനുസമിപത്ത് ഇറക്കിവിട്ടശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.നെടുമങ്ങാട് ഡിവൈ.എസ്.പി. മുഹമ്മദ് ഇക്ബാല്‍, പാലോട് സി.ഐ. പ്രദീപ്കുമാര്‍, എസ്.ഐ. ഷിബു എന്നിവരടങ്ങുന്ന സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.